ശബരിമല വ്രതാനുഷ്ഠാനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

ശരണം വിളികളാല്‍ മുഖരിതമാകുന്ന മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തുകയായി. 2022 നവംബര്‍ മാസം 17 നാണ് വൃശ്ചികം പിറക്കുന്നത്. ശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം. വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്‍പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്.

സുഖഭോഗങ്ങൾ ത്യജിച്ച് നിഷ്ഠകൾ പാലിച്ച് ശബരിമല സന്നിധാനത്ത് എത്തിയാൽ അയ്യപ്പന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മനസ്സും ശരീരവും ശുദ്ധമാക്കി 41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പൻ/മാളികപ്പുറം ശബരിമല ധർമ്മ ശാസ്താദർശനത്തിന് വിധി പ്രകാരം അർഹത നേടുക. പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി കാര്യങ്ങളാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്.

ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് ശബരിമല വ്രതത്തെ കരുതുന്നത്. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. മാലയിടാൻ വൈകിയാലും 41 ദിവസം വ്രതം എന്നതിന് മാറ്റം വരുത്തരുത്. മുദ്ര ധരിക്കുന്നതിന്റെ തലേന്ന് വ്രതം തുടങ്ങണം. അതിരാവിലെ ഉണരുകയും കുളിച്ച് ഭസ്മം ധരിച്ച് നാമം ജപിച്ച് ശരണം വിളിയോടെ നാമജപം പൂർത്തിയാക്കണം. പറ്റുമെങ്കിൽ ക്ഷേത്ര ദർശനം നടത്തണം. അതിനുശേഷമേ ജലപാനം പോലും പാടുള്ളൂ.

വ്രതകാലത്ത് മത്സ്യമാംസാദി ഭക്ഷണം, പഴകിയ ഭക്ഷണം എന്നിവ കഴിക്കരുത്. വീടിനു പുറത്ത് നിന്ന് ഭക്ഷണം ഒഴിവാക്കാൻ നോക്കണം. ബ്രഹ്മചര്യം അത്യാവശ്യം. ആരോടും ദേഷ്യം, അസൂയ, വിദ്വേഷം ഇവ തോന്നരുത്/കാട്ടരുത്. കള്ളം പറയരുത്/പ്രവർത്തിക്കരുത്. വൈകുന്നേരവും കുളിച്ച് ക്ഷേത്രദർശനമോ പൂജാമുറിയിൽ വിളക്കു വച്ച് പ്രാർത്ഥിക്കുകയോ ചെയ്യണം. വ്രത വേളയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കരുത്. വ്രത മുദ്രധരിച്ചു കഴിഞ്ഞാൽ പിന്നെ മരണവീടുകളിൽ പോകരുത്.

വസ്ത്രധാരണം:
മാലയിട്ട് സ്വാമിയായി മാറിയാൽ കറുപ്പ്, നീല, കാവി നിറത്തിലെ വസ്ത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കണം. ഏതു വസ്ത്രമായാലും കഴുകി വൃത്തിയാക്കി ധരിക്കണം.

മാല ഊരുമ്പോൾ:
അയ്യപ്പ ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വീട്ടിൽ വന്ന് പൂജാമുറിയിൽ വിളക്കുവച്ച് തൊഴുത് കുളിച്ചുവന്ന് മാല ഊരാം. ആ മാല ഭഗവാന്റെ പടത്തിൽ ചാർത്തിയിടാം.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News