നാടക-ചലച്ചിത്ര നടൻ സി.വി.ദേവ് അന്തരിച്ചു.
പ്രശസ്തമായ നാടകങ്ങളിലും നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കോഴിക്കോട് സ്വദേശിയായ നാടക-ചലച്ചിത്ര നടൻ സി.വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. സി വാസുദേവൻ എന്നാണ് ശരിയായ പേര്. കലാരംഗത്ത് സജീവമായ ശേഷം സി വി ദേവ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1940ൽ വടകര ചെമ്മരത്തൂരിൽ കണാരൻ- നാരായണി ദമ്പതിമാരുടെ മൂത്തമകനായി ജനനം. സദാനന്ദൻ കല്ലായി സംവിധാനം ചെയ്ത വിളക്കിന്റെ വെളിച്ചത്തിൽ എന്ന നാടകത്തിലൂടെ പത്തൊമ്പതാം വയസ്സിൽ അരങ്ങിലെത്തി വേഷങ്ങൾ എന്ന നാടകത്തിലെ ഈശ്വരൻകുട്ടി എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു തയ്യൽ ജോലിക്കൊപ്പം തന്നെ നാടകാഭിനയത്തിലും സമയം കണ്ടെത്തി പ്രളയം എന്ന നാടകത്തിലെ ബാപ്പുട്ടി എന്ന കഥാപാത്രവും ശ്രദ്ധേയമായി മുഹമ്മദിന്റെ സ്ഥിതി മുതൽ എം ടി വാസുദേവൻ നായർ എഴുതി സംവിധാനം ചെയ്ത ഗോപുര നടയിൽ എന്ന നാടകം വരെ എട്ടുവർഷത്തോളം കോഴിക്കോട് സംഗമം തിയറ്ററിലെ പ്രധാന നടനായിരുന്നു. അമ്പലക്കാള, ബൊമ്മക്കൊലു, അഗ്രഹാരം തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ടു കോഴിക്കോട് ചിരന്തന വടകര വരദ കലിംഗ തീയേറ്റേഴ്സ് സപ്തസ്വര തുടങ്ങിയ സമിതികളിലും സഹകരിച്ചു. നാടക രംഗത്ത് നിന്ന് സിനിമയിലെത്തിയ സി.വി ദേവ് പവിത്രൻ സംവിധാനം ചെയ്ത യാരോ ഒരാൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിക്കുന്നത്. 'സന്ദേശ'ത്തിലെ ആർഡിപിക്കാരൻ, 'മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ' എന്ന സിനിമയിലെ ആനക്കാരൻ, 'ഇംഗ്ലീഷ് മീഡിയ'ത്തിലെ വത്സൻ മാഷ്, 'ചന്ദ്രോത്സവ'ത്തിലെ പാലിശ്ശേരി, 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി എടക്കാട് ആയിരുന്നു താമസം. സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: സുകന്യ, സുകാവ്യ, സുകാത്മജൻ. മരുമകൾ: വിജിഷ, സുരേഷ്, ദാസൻ.