രാമരായർ വിളക്ക്.
വളരെയേറെ സംസ്കാരിക സമ്പന്നമായ തിരുവിതാംകൂർ ചരിത്രത്തിലെ മാഞ്ഞു കൊണ്ടിരിക്കുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഒന്നാണ് രാമരായർ വിളക്ക്. വൈദ്യുതിവിളക്കുകൾ പ്രചാരത്തിൽ വരുന്നതിനും മുൻപ് ഒരു കാലഘട്ടത്തിൽ തിരുവിതാംകൂറിലെ രാജവീഥികളെ
പ്രകാശപൂരിതമാക്കിയിരുന്ന വഴിവിളക്ക് ആണിത്.
തിരുവിതാംകൂറിന്റെ ദിവാൻപേഷ്കാർ ആയിരുന്ന T.രാമറാവുന്റെ സ്മരണയ്ക്കായി തിരുവിതാംകൂർ ഉദ്യോഗസ്ഥനായിരുന്ന ഉദാര ശിരോമണി എന്നറിയപ്പെട്ട രാമരായരുടെ മകൻ പദ്മനാഭറാവു ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു സ്ഥാപിച്ച വിളക്കാണിത്.
വെങ്കല നിർമിതമായ കാലിനു മുകളിൽ മനോഹരങ്ങളായ 3 വിളക്കുകൾ ആണ് ഇതിനുള്ളത്. മണ്ണെണ്ണ ഉപയോഗിച്ചു കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഇവ ഓരോന്നും കൊട്ടാരം ജീവനക്കാർ നേരിട്ടെത്തി തെളിയിച്ചിരുന്നു.തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിലെ ബാൻഡ് ഹാളിൽ വൈകുന്നേരം നടത്തുന്ന വിവിധ കലാപരിപാടികൾ കാണുവാനായി തിരുവിതാംകൂർ നിവാസികൾ ഒത്തുചേരുമായിരുന്നു.അവരുടെ ഭവനങ്ങളിലേക്കുള്ള തിരിച്ച് പോക്കിന് വഴികാട്ടിയായി ഇത്തരത്തിലുള്ള
ഏകദേശം നൂറോളം വഴിവിളക്കുകൾ ഉണ്ടായിരുന്നതായും,അവ തെളിയിക്കുന്നതിനായി ഗ്യാലൻ കണക്കിന് മണ്ണെണ്ണ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.
പവർ ഹൗസിന്റെ വരവോടെ ഈ വിളക്കുകൾ എല്ലാം വൈദ്യുതീകരിക്കുകയുണ്ടായി.
ആദ്യകാലത്ത് എണ്ണയൊഴിച്ച് തെളിയിച്ചിരുന്ന വിളക്ക് ആധുനികതയുടെ കുതിച്ചു ചാട്ടത്തിൽ വൈദ്യുതിയിലായി പ്രകാശം പരത്തൽ. രാജവാഴ്ച അവസാനിച്ചതോടുകൂടി
വിളക്കുകൾ ഭൂരിഭാഗവും സംരക്ഷിക്കാൻ ആളില്ലാതെ നശിച്ചു. തിരക്കുപിടിച്ച തിരുവനന്തപുരം LMS ജംഗ്ഷനിലേ
വൈകുന്നേരങ്ങളിൽ ട്രാഫിക് സിഗ്നലുകളുടെയും, സ്ട്രീറ്റ് ലൈറ്റുകളുടെയും ഡിവൈഡറുകളുടേയും ഇടയിൽ ഒറ്റപ്പെട്ട് ഭൂതകാലത്തിന്റെ സ്മരണകളും അയവിറക്കി പോയകാലത്തിന്റെ തിരുശേഷിപ്പായി വിളക്ക്മുത്തച്ഛൻ കാലത്തെ അതിജീവിച്ചു ഇപ്പോഴും നിലനിൽക്കുന്നു.
പാതയോരങ്ങളിൽ ഫ്‌ളൂറസെന്റ്, നിയോൺ ബൾബുകൾ വെള്ളിവെളിച്ചം വിതറിത്തുടങ്ങിയ പുതിയ കാലത്ത് രാജമുദ്ര പതിഞ്ഞ ഈ വിളക്കുകളെപ്പറ്റി ആരും ചിന്തിക്കാതെയായി.
രാജഭരണകാലത്ത് നഗരത്തിൽ പ്രകാശം നൽകിയിരുന്ന ഈ വിളക്കിനെ പൈതൃക സ്മാരകമായി നിലനിർത്തുകയാണ്. നിലവിൽ റോഡ് ഫണ്ട് ബോർഡിന് കീഴിലെ ടി.ആർ.ഡി.സി.എൽ എന്ന സ്ഥാപനത്തിനാണ് സംരക്ഷണ ചുമതല.