സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി മൂന്നുമുതൽ കോഴിക്കോട്ട് .
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട്ട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്കൂളുകളിൽനിന്നുള്ള 14,000 കുട്ടികൾ കൗമാരകലാമാമാങ്കത്തിൽ പങ്കെടുക്കും.1956-ൽ ആരംഭിച്ച സ്കൂൾ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന വിശേഷണവുമുണ്ട്.
കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇക്കുറി വിദ്യാർഥികൾ കലാപ്രകടനങ്ങൾക്കെത്തുന്നത്. 2019 ഡിസംബർ, 2020 ജനുവരി മാസങ്ങളിൽ നടന്ന 60-ാമത് സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയായിരുന്നു സ്വർണക്കപ്പ് നേടിയത്.
അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്നുമായി ഏകദേശം 14,000 ത്തോളം വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കുന്നു. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്നും മന്ത്രി പറഞ്ഞു.