നാടകനടനും രചയിതാവുമായ ജഗതി എൻ.കെ. ആചാരിയുടെ 99-ാം ജന്മവാർഷികം .
മലയാള റേഡിയോ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ രചിക്കുകയും റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത നാടകകൃത്ത്, നാടക അഭിനേതാവും ഹാസ്യസാഹിത്യകാരനുമായ
തിരുവനന്തപുരം ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരി എന്ന ജഗതി എൻ കെ ആചാരി. ഇദ്ദേഹത്തിന്റെ ഇരുപതോളം ഗദ്യനാടകങ്ങൾ പ്രൊഫഷണൽ നാടകവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. 1924 ജനുവരി 24ന് ജനിച്ചു. അച്ഛൻ: നാരായണാചാരി. അമ്മ: പൊന്നമ്മാൾ. ജഗതി ഗവ. യു പി സ്കൂൾ, കിള്ളിപ്പാലം സ്കൂൾ, നാഗർകോവിൽ, തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മയിൽ നിന്നും ചെറുപ്പത്തിലേ പകർന്നുകിട്ടിയ നർമ്മം തന്റെ എഴുത്തുകളിൽ പ്രതിഫലിച്ചു. തിരുവിതാംകൂർ കൊട്ടാരത്തിലെ ജോലിയ്ക്കിടയിൽ ലൈബ്രറിയിലെ പുസ്തകങ്ങളും ചരിത്രരേഖകളും വായനയുടെ ലോകത്തേക്കുള്ള വാതായനമൊരുക്കി. അങ്ങനെ ചിരിയോടൊപ്പം ചരിത്രവും, ദേശസ്നേഹവും ആ തൂലികയ്ക്കു വഴങ്ങി. ആകാശവാണിയിൽ സ്ക്രിപ്റ്റെഴുത്ത്, പ്രോഗ്രാം എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ആയി. പെൻഷൻ എന്ന നാടകത്തിലൂടെയായിരുന്നു ആകാശവാണിയിൽ തുടക്കം. നാടകങ്ങൾക്കു പുറമേ, നാട്ടിൻപുറം, കണ്ടതും കേട്ടതും, ചിത്രീകരണം, പ്രഭാഷണം എന്നീ പരിപാടികൾക്കു പിന്നിലും പ്രവർത്തിച്ചു. അനാഥാലയത്തിലെ അമ്മ എന്നതായിരുന്നു ആദ്യം പ്രസിദ്ധീകരിച്ച കഥ. ലഹരി, മനസ്സുണ്ടെങ്കിൽ മതി, ഏടാകൂടം തുടങ്ങിയ കഥകളും പ്രസിദ്ധപ്പെടുത്തി. കഥകളേക്കാൾ ജഗതി എൻ കെ ആചാരിയെ പ്രശസ്തനാക്കിയത് നാടകരംഗത്തെ അദ്ദേഹത്തിന്റെ മികവായിരുന്നു. കേരളത്തിലെ സ്ഥിരം നാടകവേദിയായ കലാനിലയം നാടകസമിതിയുടെ പാര്‍ട്ണറുമായിരുന്നു.
തിളക്കം, വേലുത്തമ്പി ദളവ, ഇളയിടത്തുറാണി, ഉമ്മിണിത്തങ്ക, കടമറ്റത്തു കത്തനാർ, കായംകുളം കൊച്ചുണ്ണി, അലാവുദ്ദീനും അത്ഭുതവിളക്കും, കറക്കുകമ്പനി തുടങ്ങിയ നാടകങ്ങൾ തുടങ്ങിയ നാടകങ്ങൾ കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. അമ്പതോളം സിനിമകൾക്കു രചന നിർവ്വഹിച്ചു. വേലുത്തമ്പി ദളവ, പത്മരാജൻ ചിത്രങ്ങളായ ദേശാടനക്കിളി കരയാറില്ല, മൂന്നാംപക്കം എന്ന ചിത്രത്തിൽ മകൻ ജഗതി ശ്രീകുമാറിനോടൊപ്പവും അഭിനയിച്ചു.
ദേവസ്വം ബോർഡിന്റെ കലാരത്നം ബഹുമതി, സംഗീതനാടക അക്കാദമിയുടെ അവാർഡ്, ഫെലോഷിപ് എന്നിവ ലഭിച്ചു. 1997 സെപ്തംബർ 3 ന് അന്തരിച്ചു.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )