ലോക സംഗീത ദിനം. (ജൂൺ 21).

1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല എങ്കിലും  ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഇതു  നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചു. അങ്ങിനെ 1982ൽ  
ഫ്രാൻസ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുക്കുകയും  "ഫെത് ദ ല മ്യൂസിക് " എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങുകയും ചെയ്തു.

 “സമ്യക് ഗീതം”    
 (ശ്രേഷ്ഠമായ ഗീതം) എന്നതിൽ നിന്നാണ് സംഗീതം എന്ന വാക്കുണ്ടാകുന്നത്.

ശ്രവണ സുന്ദരങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചു രസിപ്പിക്കുന്ന കലയാണ്, അതുപോലെ വികാരങ്ങളുടെ ഭാഷയാണ് സംഗീതം.

മനുഷ്യ സംസ്കാരത്തോളം പഴക്കമുണ്ട് സംഗീതത്തിന്. ശബ്ദങ്ങള്‍ ഉപയോഗിച്ച് ഇണയെ ആകര്‍ഷിക്കാനും, മറ്റ് ആശയവിനിമയത്തിനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു. പിന്നീട് കൂട്ടമായി ജീവിക്കാന്‍ തുടങ്ങിയതോടെ വിരസത അകറ്റാനും, ഉന്മേഷത്തിനും വേണ്ടി സംഗീതം ഒരു കലയായി വികസിപ്പിച്ചതായിരിക്കണം. 

വാക്കുകള്‍ കൊണ്ട്  വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളെ സംഗീതം പ്രതിഫലിപ്പിക്കുന്നു.

മനസിനു ശാന്തി നല്‍കാന്‍, ആത്മാവിനെ തൊട്ടുണര്‍ത്താന്‍, പ്രണയം വിടര്‍ത്താന്‍, ദുഃഖമകറ്റാന്‍, സംഗീതത്തിന്‍റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും. 

ഒരു ഗീതം ശ്രേഷ്ഠമാകണമെങ്കിൽ അതിന് ശ്രുതിയും താളവും ഉണ്ടായിരിക്കണം
“ശ്രുതിർ മാതാ:
ലയ പിതാ:” എന്നാണ് സംഗീത ശാസ്ത്രകാരന്മാർ പറഞ്ഞ് വെച്ചിരിക്കുന്നത്. ശ്രുതി മാതാവിനേപ്പോലെയും താളം പിതാവിനേപ്പോലെയും ആണെന്നർത്ഥം.
ശ്രുതിയും താളവും ചേരുമ്പോൾ “സംഗീതം” ഉണ്ടാകുന്നു.

സംഗീതത്തെക്കുറിച്ചുള്ള അറിവ് പൂര്‍ണതയിലെത്തുന്നത് മനസ്സ് അതിനെ ഭക്തിയോടെ ആരാധിക്കുമ്പോഴാണ്. ഭക്തിയും സംഗീതവും ഒന്നിച്ചു ചേരുന്ന അനുഭൂതി, അത് നമ്മെ  അവാച്യമായ  സംഗീതത്തിൻ്റെ വേറൊരു ലോകത്തെത്തിക്കും. അര്‍പണബോധത്തോടെ അര്‍ഥം ഉള്‍ക്കൊണ്ട് പാടുമ്പോഴാണ് സംഗീതം പൂര്‍ണമാകുന്നത്. 
സംഗീതം ഏതു തരമാകട്ടെ, ഹിന്ദുസ്ഥാനി, കര്‍ണാടിക്, ഖവാലി,പോപ് സംഗീതം ഘരാന, ഗസൽ,  നാടന്‍ പാട്ടുകള്‍, സിനിമാപാട്ടുകള്‍...ഏതും.
 മനസ്സിനെ ആനന്ദിപ്പിക്കുന്നവയാവണം.

 അര്‍ഥവത്തായ വരികളും അതിനനുസരിച്ച ശുദ്ധമായ ഈണങ്ങളുമാവുമ്പോള്‍ നല്ല സംഗീതമുണ്ടാകുന്നു. ഉപകരണ സംഗീതങ്ങളിലും ഇത് നമുക്ക് കാണാം. നല്ല സംഗീതമാണ് മനസ്സിനും സുഖം തരിക. 

മാനസികമായ എല്ലാ വേദനകളും വിഷമങ്ങളും അകറ്റാന്‍ സംഗീതത്തിനു കഴിയുന്നു. പിരിമുറുക്കങ്ങളെ അലിയിച്ച് മനസ്സിന് കുളിരേകാന്‍ സംഗീതം കാരണമാകുന്നു.  സംഗീതത്തിലൂടെ നമുക്ക് കിട്ടുന്നത് സുഖം പറഞ്ഞറിയിക്കാന്‍ പ്രയാസംതന്നെയാണ്. പാട്ടു പാടുന്ന ആളും ആസ്വദിക്കുന്നയാളും രണ്ടുതരം സുഖം അനുഭവിക്കുന്നു. 

ശ്രോതാക്കളില്‍ സന്തോഷവും സങ്കടവും ഉണ്ടാക്കാനും മനസ്സിനു ശാന്തിയും സമാധാനവും നല്‍കാനും, ഉറങ്ങികിടക്കുന്ന പ്രണയത്തെ ഉണര്ത്താനും , പിരിമുറുക്കങ്ങള്‍ അകറ്റാനും ശക്തിയുള്ള ഒന്നാണ് സംഗീതം ..മഴ പെയ്യിക്കാനും രോഗം അകറ്റാനും വരെ സംഗീതത്തിനു കഴിവുണ്ട് . 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ കിഴക്കന്‍ സംഗീതം, പടിഞ്ഞാറന്‍ സംഗീതം എന്നിങ്ങനെ സംഗീതത്തെ 
 രണ്ടു വിഭാഗങ്ങളായി കാണുന്നു. നിരന്തരമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ ഫ്യൂഷന്‍ സംഗീതം എന്നൊരു വിഭാഗം കൂടി രൂപപ്പെട്ടിരിക്കുന്നു.

ലോക സംഗീതത്തില്‍ ഭാരതീയ സംഗീതത്തിനു വളരെ മഹത്തായ സ്ഥാനമാണ് ഉള്ളത് .ലോകത്തിന്റെ നിറുകയില്‍ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും. 

സപ്തസ്വരവിസ്താരത്താല്‍ സംഗീതത്തിന്‍റെ ആത്മാവ് കണ്ടറിഞ്ഞ എല്ലാ സംഗീത പ്രണയികള്‍ക്കും അതുപോലെ
വേദനകളെ സംഗീതത്തിന്‍റെ മാസ്മരലഹരി കൊണ്ട് സാന്ത്വനിപ്പിച്ച  എല്ലാ സംഗീതജ്ഞര്‍ക്കും 
 ഈ ദിനത്തില്‍ സ്നേഹത്തിന്‍റെ പൂചെണ്ടുകളും പ്രണാമവും അർപ്പിച്ചു കൊണ്ട് 
ഈ സംഗീത ദിനത്തില്‍ മനസ്സിന് സുഖമേകുന്ന സംഗീതത്തെ നമുക്ക് വരവേല്‍ക്കാം. Connect to Carnatic Music From Copenhagen

 കടപ്പാട് നാരായണൻ നമ്പൂതിരി
 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News