രാമായണത്തിലെ സ്ത്രീകളിലൂടെ... (ജ്യോതിർമയി ശങ്കരൻ).

കർക്കിടകം രാമായണശീലുകളുമായെത്തുമ്പോൾ മാത്രമല്ല, മറ്റു ചിലപ്പോഴും രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ഓർക്കാറുണ്ട്. സ്ത്രീയുടെ എല്ലാ ഭാവങ്ങളും ഇതിൽ കാണാനാകുന്നു. ഇത്രയും വിദഗ്ധമായി സ്ത്രീയെ വരച്ചിടാൻ എങ്ങിനെ കഴിഞ്ഞുവെന്നാലോചിയ്ക്കാറുണ്ട്. ഭക്തികാവ്യത്തിന്റെ പരിവേഷത്തിൽ മാത്രം നാം കാണുന്ന കഥാപാത്രങ്ങൾക്കും ചോരയും നീരുമുണ്ടെന്നു തന്നെ തോന്നുന്നവിധം മനുഷ്യ മനസ്സുകളിലേയ്ക്കിറങ്ങിച്ചെല്ലാനാകുന്ന വിധത്തിൽ ചിത്രീകരിച്ചപ്പോൾ സ്ത്രീകളിലെ നന്മയേയും തിന്മയേയും കൂടി അതിനൊപ്പം വരച്ചു വച്ചിരിയ്ക്കുന്നു, ഇവിടെ.

സ്ത്രീയുടെ ഏതു രൂപമാണിതിൽ കാണാനാകാത്തതെന്നേ നോക്കാനുള്ളൂ. മകനോടുള്ള അമ്മയുടെ വാത്സല്യത്തിന് എത്ര മുഖങ്ങൾ! അത് സന്തോഷമായും സങ്കടമായും സ്വാർത്ഥതയായും രോഷമായും പലവിധത്തിൽ പതഞ്ഞു പൊന്തുന്ന കാഴ്ച്ച നമുക്കു കാണാനാകുന്നു. ഇന്നും അതു നമുക്ക് ജീവിതത്തിൽ കാണാനാകുന്ന ഒന്നല്ലേ? എത്ര വേഗം അവൾക്കു സന്തോഷിയ്ക്കാനാകുന്നു. അത്രയും വേഗത്തിൽ തന്നെ സ്വാർത്ഥയാകാനും അവൾക്കാകും. ഇളകുന്ന മനസ്സിന്റെ ഉടമസ്ഥയെന്നവൾ ആരോപിയ്ക്കപ്പെടുന്നു പലപ്പോഴും. ഇളക്കാനും അവൾക്കാകുന്നു. മന്ഥരയിലൂടെ ഒഴുകിയെത്തിയ വക്രബുദ്ധി കൈകേയിയെ സ്വാർത്ഥിയാക്കിമാറ്റി. ബ്രെയിൻ വാഷിംഗ്? എന്നും പറയാനാവില്ല. ഒരു വീട്ടിൽ മൂന്നു സ്ത്രീകളുണ്ടെങ്കിൽ അവർ നാലു തരത്തിലായിരിയ്ക്കും എന്ന് വെറുതെ പറയുന്നതല്ല. കൌസല്യ, കൈകേയി , സുമിത്ര- തികച്ചും വ്യത്യസ്തരായ കഥാപാത്രങ്ങൾ. പട്ടമഹിഷിസ്ഥാനം കൊണ്ട് കൌസല്യയ്ക്ക് മുൻ ഗണന കിട്ടുന്നെങ്കിലും രാജാവിന്റെ പ്രിയതമയെന്ന സ്ഥാനം നേടാൻ കൈകേയിയ്ക്കായി.പാവം സുമിത്ര.രാമായണത്തിലെ വിവേകമതിയും ശാന്തസ്വഭാവിയുമായ രാജപത്നി. ദശരഥ മഹാരാജാവിന് നാലുമക്കളുണ്ടാകുമെന്ന പ്രവചനം സത്യമായിത്തീരാനായി ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്തവൾ.കൈകേയി കുതന്ത്രത്തിലൂടെ ഭരതന് രാജ്യഭരണത്തിനായുള്ള അനുമതി കൈക്കലാക്കിയല്ലോ. ഇതു പണ്ടും ദശരഥൻ ഭയപ്പെട്ടിരുന്നതായിരിയ്ക്കാം. പുത്രകാമേഷ്ടി വഴി കൈവന്ന യാഗപ്രസാദം ഭാര്യമാർക്ക് ഗർഭധാരണാർത്ഥം പങ്കു വെയ്ക്കുമ്പോൾ അത് പ്രകടമാണല്ലോ? അതിനർത്ഥം കൈകേയി പണ്ടും സ്വാർത്ഥിതന്നെയായിരുന്നെന്നു ദശരഥൻ മനസ്സിലാക്കിയിരുന്നെന്നാണോ? അതോ വെറും തെറ്റിദ്ധാരണ മാത്രമോ? മന്ഥര ഒരു നിമിത്തം മാത്രമോ?

മന്ഥര അല്ലെങ്കിലും ഒരു നിമിത്തം മാത്രം. അവളുടെ നാവിൽക്കയറിയിരുന്ന് അവൾ മനസ്സിൽ വിചാരിയ്ക്കാത്തതു പോലും വിളിച്ചു പറയാൻ ദേവി സരസ്വതി പ്രേരിപ്പിച്ചതല്ലേ? അപ്പോൾ ദേവിയോടതിനാവശ്യപ്പെട്ടതാരാണ്? ദേവന്മാർ തന്നെ. ഇതാനോക്കൂ...ദേവിയായാലും വേലക്കാരിയായാലും രാജ്ഞിയായാലും സ്ത്രീ മനസ്സ് പെട്ടെന്ന് സ്വാധീനിയ്ക്കപ്പെടുന്നുവെന്ന സത്യം നമുക്കിവിടെ കാണാനാകുന്നു. ഇതൊന്നും തന്നെ സ്വന്തം ലാഭേച്ഛയാലല്ലെന്നും കാണാനാകുന്നു. പുരണത്തിലായാലും ജീവിതത്തിലായാലും സ്ത്രീ എന്നും സ്ത്രീ തന്നെ. മറ്റുള്ളവർക്കായി സ്വയം ബലിയാടാവാൻ തയ്യാറാകുന്നവൾ, അല്ലേ?

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News