സരസദ്രുത കവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ 110-ാം ചരമ വാർഷികം.

സംസ്‌കൃതപദങ്ങള്‍ തീര്‍ത്തും വര്‍ജ്ജിച്ച് തനി മലയാള പദങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കാവ്യരചനാരീതിയായ പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
സംസ്കൃതത്തിൽ 14 കൃതികൾ, മലയാളത്തിൽ 18 കവിതകൾ, 11 രൂപകങ്ങൾ,16 ഗാഥകൾ, 38 ഖണ്ഡകാവ്യങ്ങൾ, 18 വിവർത്തനങ്ങൾ എന്നിവയുടെ കർത്താവാണ്. കേരളവ്യാസൻ, നിമിഷകവി എന്ന പേരിലും അറിയപ്പെട്ടിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ യഥാർത്ഥ പേര് രാമവർമ്മ എന്നായിരുന്നു. 1095 ദിനങ്ങൾകൊണ്ട് സാക്ഷാൽ വ്യാസമുനി വൃത്തമൊപ്പിച്ചു സംസ്കൃത ഭാഷയിൽ ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവർത്തനം ചെയ്തു. അതേ വൃത്തത്തിൽ. വാക്യാർത്ഥത്തിൽ, അതേ പദാർത്ഥത്തിൽ മലയാളീകരിച്ച കാവ്യമാക്കിയെടുക്കുവാൻ  തമ്പുരാന് വേണ്ടിവന്നത് വെറും 874 ദിവസങ്ങൾ മാത്രവും. പദാനുപദം വിവർത്തനം, വൃത്താനുവൃത്തം പദ്യവൽക്കരണം എന്നിവ വ്യാസനേക്കാൾ വേഗത്തിൽ വ്യാസരചനയ്ക്കു മലയാള തത്തുല്യമായി തമ്പുരാൻ നിർവ്വഹിച്ചു. അതുകൊണ്ടാണ് കുഞ്ഞിക്കുട്ടൻ തമ്പുരാനെ അമാനുഷിക പ്രഭാവനെന്നും കേരളവ്യാസൻ എന്നും വിളിക്കുന്നത്. പാണ്ഡിത്യത്തിന്റെ കലവറയായിരുന്ന
കൊടുങ്ങല്ലൂർ രാജകുടുംബത്തിൽ 1864 സെപ്റ്റംബർ 18 ന് (കൊല്ലവർഷം 1040 കന്നി 4 അശ്വതി) ജനിച്ചു. പിതാവ് കവിയും പച്ചമലയാളപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ വെണ്മണി പരമേശ്വരൻ (അച്ഛൻ) നമ്പൂതിരിയും മാതാവ് കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുമായിരുന്നു.  16-ാം വയസ്സിൽ കവിതയിൽ താൽപ്പര്യം കൂടിയതോടെ  മറ്റു വിഷയങ്ങളിലെ പഠിപ്പിനു ശ്രദ്ധ കുറഞ്ഞു. സംസ്കൃത കാവ്യരചനയിൽ മുഴുകിക്കഴിഞ്ഞ അദ്ദേഹത്തെ പച്ചമലയാളയാളത്തിന്റെ വഴിയിലേക്കു് തിരിച്ചുവിട്ടത് പിതാവ് വെണ്മണി അച്ഛനും വൈമാത്രേയ സഹോദരനായ (അച്ഛന് മറ്റൊരു ഭാര്യയിൽ ജനിച്ച സഹോദരൻ) വെണ്മണി മഹനുമാണ്‌. കൊല്ലവർഷം 1062 ൽ 22-ാം വയസിൽ രചിച്ച കവി ഭാരതം  1065-ൽ രചിച്ച "ലക്ഷണാസംഗം" എന്ന കൃതിയും രചിച്ചു.
കോട്ടയത്തെ കവിസമാജം സംഘടിപ്പിച്ച ദ്രുതകവിതാപരീക്ഷയിൽ അഞ്ചുമണിക്കൂറിനുള്ളിൽ ഗംഗാവതരണം എന്ന അഞ്ചങ്കങ്ങളുള്ള ഒരു നാടകം എഴുതി ഒന്നാം സമ്മാനം നേടി. 1066 ൽ  12 മണിക്കൂർ കൊണ്ട് 10 അങ്കങ്ങളും 300 ശ്ലോകങ്ങളുമടങ്ങിയ "നളചരിതം" രചിച്ചു. കൂടൽമാണിക്യം, പാലുള്ളി ചരിതം തുടങ്ങി കേരളത്തിൻ്റെ ചരിത്രകഥകളേയും ഐതിഹ്യങ്ങളേയും ആസ്പദമാക്കി ലളിതമായ ഭാഷയിൽ നിരവധി കവിതകളെഴുതി. 

സംസ്കൃതത്തിലുള്ള മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഏറ്റവും മഹത്സംഭാവന  ഇത്ര ബൃഹത്തായ ഒരു കൃതി വൃത്താനുവൃത്തം-പദാനുപദം ഒരാൾ തന്നെ തർജ്ജമ ചെയ്തതിനു വേറെ ഉദാഹരണം ഇല്ല. സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ തർജ്ജമ ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയിലെ ആദ്യശ്ലോകത്തിന്റെ തർജ്ജമ ഇതിനുദാഹരണമാണ്. അത് ഇങ്ങനെ ആയിരുന്നു:-

സംസ്കൃതം പരിഭാഷ
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതോയുയുത്സവഃ
മാമകാ പാണ്ഡവാശ്ചൈവ
കിമകുർവത സഞ്ജയ

ധർമ്മക്ഷേത്രം കുരുക്ഷേത്രം,
പുക്കുപോരിന്നിറങ്ങിയോർ,
എൻകൂട്ടരും പാണ്ഡവരും,
എന്തേ ചെയ്തിതു സഞ്ജയാ.....

മഹാഭാരതം കൂടാതെ മറ്റു പുരാണങ്ങൾകൂടി മലയാളത്തിലേക്കു പരിഭാഷ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും 1913 ജനുവരി 22 n (1088 മകരം10)  48-ാം  വയസ്സിൽ  അന്തരിച്ചു.

“കഴിഞ്ഞൂ ഭാരതം ഭാരമൊഴിഞ്ഞൂ വലുതൊന്നിനി
പൊഴിഞ്ഞൂറും രസാൽ വേറെച്ചുഴിഞ്ഞൂക്കിൽപ്പിടിക്കണം.
പതിനെട്ടു പുരാണങ്ങൾ പതിരറ്റു കിടക്കവേ
മതി മങ്ങിച്ചീ പ്രവൃത്തി മതിയാക്കുകിൽ നഷ്ടമാം...” എന്നാണ് ഭാരത തർജ്ജമയ്ക്കുശേഷം അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. അംബോപദേശം, തുപ്പല്‍ക്കോളാമ്പി, നളചരിതം, സീതാസ്വയംവരം, ശബ്ദാലങ്കാരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ആശ്ചര്യചൂഡാമണി, അഭിജ്ഞാന ശാകുന്തളം, ഒഥല്ലോ, ഹാംലെറ്റ് എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. കടപ്പാട് വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News