അനധികൃതമായി പടക്ക നിർമ്മാണം നടത്തിയ മൂന്നു പേരെ പിടികൂടി..
ആമ്പല്ലൂർ പാർപ്പാംകോട് തൈക്കൂട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ (63), മുളന്തുരുത്തി പെരുമ്പിള്ളി പേക്കൽ വീട്ടിൽ സാബു മാത്യു (53), പാർപ്പാംകോട് പുലരിക്കുഴിയിൽ വീട്ടിൽ സലീഷ് (46) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് പിടികൂടിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ.എ.ശ്രീനിവാസിന്‍റെയും റൂറൽ പോലീസ് മേധാവി വിവേക് കുമാറി ന്‍റെയും നിർദ്ദേശ പ്രകാരം നടത്തിയ കോമ്പിംഗ് പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. ഇരുന്നുറോളം ഡൈനാമിറ്റുകൾ, 15 ചാക്ക്കരിമരുന്ന്, ഗന്ധകം, മാലപ്പടക്കം, തിരികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം മെയ് മാസത്തില്‍ തമ്പി എന്നറിയപ്പെടുന്ന പുരുഷോത്തമനെ അനധികൃത പടക്ക നിർമ്മാണത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. 2008 ല്‍ ഉദയംപേരൂർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.എസ്.ഷിജു, എസ്.ഐ മാരായ എസ്.എൻ.സുമിത, മോഹനൻ, എ.എസ്.ഐ മാരായ സന്തോഷ് കുമാർ, കെ.എം.ബിജു, സോജൻ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ അനിൽകുമാർ,വിനോദ്,സന്ദീപ്,ഗിരീഷ്, രാകേഷ്, സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത്.