പരുന്തുംപാറ,ഇടുക്കി: കേരളാ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉളള നാച്ചുറോപ്പതി യോഗ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ(INYGMA - ഇനിഗ്മ) പരുന്തുംപാറയിൽ ഹരിത് യോഗ ട്രക്കിങ് സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി നൂറോളം നാച്ചുറോപ്പതി ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു. ജൂൺ 21 ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ മൂല്യങ്ങൾ യോഗയുമായി കൂട്ടിയിണക്കാനായി കേന്ദ്ര ആയുഷ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ഹരിത് യോഗ. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി (CCRYN) യുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഡോക്ടർമാർ ഒത്തു ചേർന്ന് ഇൻ്റർനാഷണൽ യോഗ ഡേ(IYD) കോമൺ യോഗ പ്രോട്ടോക്കോൾ(CYP )പരിശീലിക്കുകയും ഉണ്ടായി. ഹരിത് യോഗ ട്രക്കിങ്ങിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി മുൻ ഡയറക്ടർ ഡോ.ബാബു ജോസഫ്, ഇനിഗ്മ സംസ്ഥാന പ്രസിഡൻ്റ് ഡോ.ദിനേശ് കർത്ത,ജനറൽ സെക്രട്ടറി ഡോ. ആൻസ്മോൾ ജോസഫ്, ജോയിൻ്റ് സെക്രട്ടറി ഡോ. സിജിത്, ഡോ.പ്രദീപ് ദാമോദരൻ എന്നിവർ നേതൃത്വം നൽകി.