ആലുവ: കുട്ടമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗാർത്ഥികൾക്കുളള കേന്ദ്രീകൃത പരീക്ഷാ സെൻ്ററുമായി ബന്ധപെട്ട് പൊതു ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കീഴ്മാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ജനകീയ പ്രതിഷേധ ധർണ്ണ നടത്തി. പാർട്ടി ജില്ലാ സെക്രട്ടറി ഷബീർ എം ബഷീർ ഉദ്‌ഘാടനം ചെയ്‌തു. പരീക്ഷാകേന്ദ്രം നടത്തിപ്പിന് പാർട്ടി എതിരല്ലെന്നും മറിച്ച് അവിടെ എത്തുന്ന ഉദ്യോഗാർത്ഥികൾക്കുളള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നും പരീക്ഷാദിവസം അനധികൃത പാർക്കിങ് മൂലം മണിക്കൂറുകളോളം ഗതാഗതകുരുക്ക് ഉണ്ടാകുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പഞ്ചായത്ത് ഇടപെട്ട് പരിഹരിക്കണമെന്നും ഷബീർ എം ബഷീർ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി വൻപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അബ്‌ദുൾ കരീം പുത്തൻപുര അധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെമ്പർ നജീബ് പെരിങ്ങാട് വിഷയാവതരണം നടത്തി. കീഴ്‌മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര, പാർട്ടി ആലുവ മണ്ഡലം പ്രസിഡൻ്റ് റിയാദ് മുഹമ്മദ്, മൂന്നാം വാർഡ് അംഗം ആബിദ അബ്‌ദുൾ ഖാദിർ, ആലുവ മണ്ഡലം വൈസ് പ്രസിഡൻ്റ് കരീം കല്ലുങ്കൽ തുടങ്ങിയവർ സംസാരിച്ചു. കെ കെ സലീമുദ്ദീൻ സ്വാഗതവും കീരംകുന്ന് യൂണിറ്റ് പ്രസിഡൻ്റ് അബ്‌ദുൾ ഗഫൂർ നന്ദിയും പറഞ്ഞു. വനിതാപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ധർണ്ണയിൽ പങ്കെടുത്തു.