അയ്മുറി ശ്രീമഹാദേവന്റെ സ്വന്തം നാരായണൻ തിരുമേനിയ്ക്ക് എൺപതിന്റെ പുണ്യം..
ചേലാമറ്റം: അശീതിയുടെ നിറവിൽ, ആത്മനിർവൃതിയിൽ ഭക്തോത്തമനായി ചേലാമറ്റത്തെ തോട്ടാമറ്റത്തു മനയിൽ കഴിയുകയാണ് നാരായണൻ നമ്പൂതിരി. ഇന്നദ്ദേഹത്തിന്റെ എൺപതാം പിറന്നാളാഘോഷം ലളിതമായ ചടങ്ങുകളോടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു. ഏകദേശം അറുപത് വർഷത്തോളം അദ്ദേഹം അയ്മുറിത്തേവരുടെ ശാന്തിവൃത്തി ചെയ്തു. പെരുമ്പാവൂരിന്റെ ചുറ്റുവട്ടങ്ങളിൽ നിന്നെല്ലാം ഭക്തരെത്തുന്ന ക്ഷേത്രസ്ഥാനമാണ് അയ്മുറി. ദേശദേവനായതിനാൽമഹാദേവന്റെ ഈ പഴയ പരിചാരകനെ അറിയാത്തവരായി നാട്ടിൽ ആരും തന്നെയില്ല. തിരുമേനിയും ദേവനും തമ്മിലുള്ള ഒരു പ്രത്യേക 'കെമിസ്ട്രി'യുള്ളതിനാൽ വിശ്വാസികളുടെ മനസ്സിൽ ദേവനൊപ്പം സ്ഥാനം തിരുമേനിയ്ക്കും ഉണ്ടായിരുന്നു. കൗമാരകാലത്ത് അച്ഛൻ തിരുമേനിയുടെ പിന്മുറക്കാരനായി ശാന്തി ജോലി ഏറ്റെടുത്ത നാരായണൻ തിരുമേനിയുടെ പൂജാക്രമങ്ങളിൽ വിശ്വാസികൾ തൃപ്തരായിരുന്നു. സരസനും രസികനുമായ നമ്പൂതിരി. തിരുമേനിയുടെ ഫലിതപ്രമാണങ്ങൾ കേട്ടാൽ ചിരിയ്ക്കാത്തവരുണ്ടാവില്ല. കൂവപ്പടി ഗ്രാമത്തിലെ ഓരോ ഹിന്ദുവീടുകളേയും സ്വന്തം നാടിനേക്കാളുപരിയായി അടുത്തറിഞ്ഞ വ്യക്തി. ക്ഷേത്രപൂജകളിൽ നിന്നും മാറിനിന്നിട്ട് അഞ്ചെട്ടുവർഷമേ ആയുള്ളൂ. അയ്മുറി ക്ഷേത്രത്തിലെ ശാന്തിവൃത്തിയിൽ നിന്നും പ്രായാധിക്യം മൂലം ഒഴിഞ്ഞെങ്കിലും തിരുമേനി മാസത്തിൽ ഒരിക്കൽ തേവരെ വന്നു കാണാതിരിക്കില്ല. ശിവരാത്രി നാളിൽ തിരുമേനിയിൽ നിന്നും അനുഗ്രഹം വാങ്ങാൻ എത്തുന്നവരുമുണ്ട്. ഭക്തരുമായുണ്ടായിരുന്ന ആ ഇഴയടുപ്പം അത്രത്തോളം ദൃഢമായിരുന്നു. കൂവപ്പടി എന്ന വിശാലഗ്രാമത്തിലെ നാഗങ്ങളെ വർഷത്തിലൊരിക്കൽ നൂറും പാലും നൽകി തൃപ്തരാക്കി നിർത്തിയിരുന്നത് തോട്ടാമറ്റം നാരായണൻ നമ്പൂതിരിയായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറയാൻ പൂജയ്ക്കിടയിൽ സമയം കണ്ടെത്തി ശ്രീകോവിലിനു പുറത്തേയ്ക്ക് ഇറങ്ങി വരുന്ന തിരുമേനിയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ വരച്ചു ചേർക്കപ്പെട്ട 'ബൃഹത് നന്ദി' ശില്പം, ശില്പി യശ: അപ്പുക്കുട്ടനിലൂടെ അയ്മുറിയിൽ സ്ഥാപിതമായതിന്റെ ക്രെഡിറ്റ് തിരുമേനിയ്ക്കു കൂടി അവകാശപ്പെട്ടതാണ്. തിരുമേനിയുടെ എൺപതാം പിറന്നാളാണെന്ന് അധികമാരും അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ക്ഷണിയ്ക്കാതെ തന്നെ ഭക്തർ ചേലാമറ്റത്ത് എത്തുമായിരുന്നു. അത്രയേറെ കൂവപ്പടിയിലെ ഹൈന്ദവജനത, അദ്ദേഹത്തിന് സ്നേഹം, ബഹുമാനങ്ങൾ നല്കിയിരുന്നു.