പാലിയേറ്റീവ് രോഗികളുമായി കുഴുപ്പിള്ളി ബീച്ചിലേക്ക് വിനോദ യാത്ര നടത്തി .
കാലടി: പാലിയേറ്റീവ് രോഗികളുമായി കുഴുപ്പിള്ളി ബീച്ചിലേക്ക് വിനോദ യാത്ര നടത്തി സാന്ത്വന പരിചരണത്തിന്റെ പുതു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മറ്റൂർ സി.എച്ച്. സി.യിലെ സെക്കൻഡറി പാലിയേറ്റീവ് വിഭാഗം. മാരക രോഗങ്ങളുടെ തീരാവേദനയിൽ മരുന്നും ഗുളികകളുമായി വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ജീവിതം തള്ളി നീക്കുന്ന രോഗികൾക്ക് മനസ്സു തുറക്കാൻ ആകെ കിട്ടുന്ന അവസരം പാലിയേറ്റീവ് നഴ്സുമാർ വീട്ടിൽ വരുമ്പോഴുള്ള കേവലം മിനുട്ടുകളാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയാണ് ഇവർക്ക് മാനസി കോല്ലാസത്തിന് വഴിയൊരുക്കാൻ അങ്കമാലി ബ്ലോക്ക് പഞ്ചായത്തും, മറ്റൂർ സി.എച്ച്.സി. യും ചേർന്ന് പദ്ധതി തയ്യാറാക്കിയത്. ഇതിനായി കുഴുപ്പിള്ളി ബീച്ചിലേക്കാണ് വിനോദ യാത്ര സംഘടിപ്പിച്ചത്. അർബുദ രോഗികളും, ഡയാലിസിസിന് നിരന്തരം വിധേയമാകുന്നവരും , അൾഷിമേഴ്സ് ബാധിച്ചവരും, സ്ട്രോക്ക് വന്ന് തളർച്ച വന്നവരും അടക്കം 35 രോഗികളും, അവരുടെ കൂട്ടിരിപ്പുകാരുമായാണ് കെ.എസ്.ആർ.ടി.സി.യുടെ ലോ ഫ്ലോർ ബസ് മറ്റൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. തുറവൂർ, മഞ്ഞപ്ര, മലയാറ്റൂർ, കാഞ്ഞൂർ , കാലടി പഞ്ചായത്തുകളിലെ രോഗികളാണ് യാത്രയിൽ ഉണ്ടായിരുന്നത് .മറ്റൂർ ആശുപത്രിയിൽ എല്ലാവരും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ് മേരി ദേവസ്സിക്കുട്ടിയും , മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബും ചേർന്ന് വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുനിൽ ചാലാക്ക, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷിജി ജോയ് , അംഗങ്ങളായ സിജോ ചൊവ്വരാൻ , കൊച്ചുത്രേസ്യ തങ്കച്ചൻ , കെ.വി. അഭിജിത്ത് എന്നിവരും രോഗികളോടൊപ്പം വിനോദയാത്രയിൽ പങ്കെടുത്തു. യാത്രയിൽ മാനസികോല്ലാസത്തിനായി പ്രത്യേകം സൗണ്ട് സിസ്റ്റം ഏർപ്പാടാക്കിയിരുന്നു. ബസിലും, ബീച്ചിലും ആടിയും പാടിയും തങ്ങളുടെ രോഗ വേദനകൾ ഒരു ദിവസമെങ്കിലും അവർക്ക് മറക്കാനായി. ബീച്ചിലെ ചൂടു ചായയും , പപ്സും, ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ മാംഗോ ബാർ കഴിച്ചതും അവരെ കൂടുതൽ ആഹ്ലാദിപ്പിച്ചു. അടിയന്തിര വൈദ്യസാഹചര്യം നേരിടാൻ സൗകര്യമൊരുക്കി പാലിയേറ്റീവ് ആംബുലൻസും യാത്രയെ അനുഗമിച്ചു. ഡോ. നസീമ നജീബ്, ഡോ. അമീറ, ഹെൽത്ത് സൂപ്രണ്ട് ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, പി.ആർ. ഒ ഡോ.സജീവ്, രതി( LHI), വിനോജ് ( JHI), ലിബിൻ( JHI),നഴ്സുമാരായ സിജി, സീന, സിബി, ഫിസിയോ തെറാപ്പിസ്റ്റ് രാഖി , അജിത്ത്( ക്ലർക്ക്), ആംബുലൻസ് ഡ്രൈവർമാരായ സിജു, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.