അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ്.

പാലക്കാട്:   കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. പട്ടാമ്പി- ഷൊർണൂർ മേഖലയിലെ അതിഥി തൊഴിലാളികൾക്കാണ് ലേബർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പ് നടത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിനായി ഇരട്ട മാസ്കിങ്, സാനിറ്റൈസർ ഉപയോഗം എന്നിവ സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ക്ലാസെടുത്തു. വീടിനകത്തും മാസ്ക് ധരിക്കാൻ തൊഴിലാളികൾക്ക് പ്രത്യേക നിർദ്ദേശം നൽകി. ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷ്യ ലഭ്യതയിൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ ലേബർ ഓഫിസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ നിർദ്ദേശം നൽകി. കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാൽ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റ് എത്തിച്ചു നൽകും.
അതിഥി തൊഴിലാളികളിൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും രോഗം സ്ഥിരീകരിച്ചാൽ ചികിത്സ തേടേണ്ടത് എവിടെയാണ് എന്നത് സംബന്ധിച്ചും നിർദ്ദേശങ്ങൾ നൽകി. അതിഥി തൊഴിലാളികൾക്കായി പ്രത്യേക ക്വാറന്റൈൻ സെന്റർ, ഡൊമിസിലറി കെയർ സെന്റർ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തൊഴിലുടമകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബോധവത്കരണ ക്യാമ്പ് നടത്തിയത്.
24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം
അതിഥി തൊഴിലാളികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ് നിർദേശങ്ങൾ, ചികിത്സാ സഹായങ്ങൾ, ഭക്ഷ്യ ലഭ്യത തുടങ്ങിയ ആവശ്യങ്ങൾക്കായി തൊഴിലാളികൾക്ക് 0491- 2505582, 83, 85, 87, 89 നമ്പറുകളിൽ ബന്ധപ്പെടാം.
ക്വാറന്റൈൻ, ചികിത്സാ കേന്ദ്രങ്ങൾ
അതിഥി തൊഴിലാളികൾക്കായി ക്വാറന്റൈൻ സെന്റർ, ഡൊമിസിലറി കെയർ സെന്റർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് കോളേജിലെ വനിത ഹോസ്റ്റലിലാണ് ഡൊമിസിലറി കെയർ സെന്റർ സജ്ജമാക്കിയത്. 76 ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കുമായി പുതുശ്ശേരി പഞ്ചായത്തിൽ ക്വാറന്റൈൻ സെന്റർ ഒരുക്കിയിട്ടുണ്ട്. വട്ടപ്പാറയിൽ ഒരു സ്വകാര്യ കെട്ടിടമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. 90 ബെഡുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്ക് കോവിഡ് രോഗബാധയുണ്ടായാൽ തൊഴിലുടമ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. എന്നാൽ തീരെ സൗകര്യമില്ലാത്ത തൊഴിലാളികൾക്ക് സർക്കാർ സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
ഭക്ഷ്യക്കിറ്റ് ആവശ്യപ്പെടാം
ലോക്ക് ഡൗണിൽ ഭക്ഷ്യക്ഷാമം ഉണ്ടായാൽ തൊഴിലാളികൾക്ക് ലേബർ വകുപ്പ് സജ്ജമാക്കിയ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് ഭക്ഷ്യക്കിറ്റ് ആവശ്യപ്പെടാം. തൊഴിലാളികളുടെ ആവശ്യം അനുസരിച്ച് സിവിൽ സപ്ലൈസ് വകുപ്പ് മുഖേനയാണ് അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുക.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News