വിവിധതരംപ്പാട്ടുകൾ.

 കൈകൊട്ടിക്കളിപ്പാട്ടുകൾ

തമിഴ്നാട്ടിലെ "കുമ്മി"യോടു് സാമ്യമുള്ള നൃത്തഗാനങ്ങൾ ആണു് കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാളിലെ കൈകൊട്ടിക്കളിയാണു് തിരുവാതിര കളി. പരമ്പരാഗതമായ പാട്ടുകൾക്ക് പുറമേ വർത്തമാനകാലത്തെ കവികളും കവിയത്രികളും ഈ ശാഖയ്ക്കു് പാട്ടുകൾ പ്രദാനം ചെയ്തിട്ടുണ്ട്.

ഭദ്രകാളി പാട്ട്

 ഭഗവതിക്ഷേത്രങ്ങളിൽ ഒരു അനുഷ്ഠാന മായി പാടുന്ന പാട്ടുകൾ. ദീപാരാധനയ്ക്കുശേഷം സ്ത്രീകളും പുരുഷന്മാരും ഇരുവശവും നിരന്നിരുന്നു് പാടുന്ന പാട്ടിന്റെ വിഷയം ദാരികവധം ആണ്. പ്രത്യേക താളത്തിൽ കൈകൾ കൊട്ടി ആണ് "പാട്ട്" പാടുക. ഈ അനുഷ്ഠാനത്തിനു് കൊച്ചി പ്രദേശത്ത് "പാട്ട്" എന്ന് മാത്രമാണ് പറയുക. പാട്ടിലെ ഓരോ വരിയും ഒരാൾ പാടുന്നത് മറ്റുള്ളവർ ഏറ്റു പാടുന്നു. ഓരോ വരിയും പാടിക്കഴിഞ്ഞു് കൈകൾ കൊട്ടി "താതൈ " എന്ന് ഏറ്റു പാടുക പതിവാണ്.

കൊട്ടിപ്പാടി സേവപ്പാട്ടുകൾ

 ക്ഷേത്രങ്ങളിൽ പൂജയ്ക്കായി നട അടയ്ക്കുമ്പോൾ സോപാനത്തിൽ നിന്നുകൊണ്ട് ഇടയ്ക്ക കൊട്ടി പാടുന്ന പാട്ടുകൾ. ഓരോ പൂജയ്ക്കും വ്യത്യസ്തരാഗത്തിലും രാഗമാലിക ആയും പാടുന്ന പതിവു് ഉണ്ട്. ഈ പാട്ടുകൾ പാടി അവസാനിപ്പിക്കുന്നത് മദ്ധ്യമാവതി രാഗത്തിൽ ആണെന്നതു് ശ്രദ്ധേയം ആണ്. പരമ്പരാഗതമായി കൈമാറിവന്ന ഈ പാട്ടുകളുടെ രചന നടന്ന കാലത്തെ കുറിച്ചോ രചയിതാക്കളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

തിരുവാതിരപ്പാട്ട്
 കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാൾ ആണ് ഉചിതമായ സന്ദർഭം. ഉത്തരേന്ത്യയിലെ "ഡാന്ടിയ ", "ഗർഭ " തുടങ്ങിയ നൃത്തങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് തിരുവാതിരകളി. കത്തിച്ചുവെച്ച വിളക്കിനു ചുറ്റുമായി സ്ത്രീകൾ (പ്രത്യേകിച്ചും കന്യകമാർ ) ചുവടുവെച്ച് കൈകൊട്ടി പാടുന്നു. സ്ത്രീകൾ പരസ്പരം കൈകൊട്ടി ആണ് നൃത്തം ചെയ്യുക. പാർവതി, പരമേശ്വരൻ, സരസ്വതി, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവി ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾക്ക് നാടൻ ഈണങ്ങൾ ആണ് ഉപയോഗിച്ചു കണ്ടു വരുന്നത്. സരളമായ രാഗങ്ങളും ആലാപനത്തിന് അടിസ്ഥാനം ആകാറുണ്ട്. കുഞ്ചൻ നമ്പ്യാരുടെ "രുക്മിണി സ്വയംവരം പത്തു വൃത്തം"തിരുവാതിരപ്പാട്ടാണ്. രാമപുരത്തു വാരിയരുടെ "നൈഷധം” ഇരട്ടക്കുളങ്ങര രാമവാരിയരുടെ "നള ചരിതം" തുടങ്ങിയവയും തിരുവാതിരപ്പാട്ടുകൾ ആണ്. ഇരയിമ്മൻ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവർ രചിച്ച തിരുവാതിര പാട്ടുകൾ കൂടുതൽ പ്രചാരം നേടി.

കളം പാട്ട്

 ഭഗവതി സേവ, ബാധ ഒഴിപ്പിക്കൽ, മാന്ത്രിക / താന്ത്രിക കർമ്മങ്ങൾ എന്നിവയുടെ ഭാഗമായി 'കളമെഴുത്ത് ' സാധാരണ ആണ്. അങ്ങനെ എഴുതുന്ന കളങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ആണ് കളമെഴുത്തുപാട്ട്. കളമെഴുതപ്പെട്ട രൂപങ്ങളുടെ കഥയാണു് പാട്ടായി പാടുക. മലയാളത്തിലെ ഏറ്റവും പ്രാചീന ഗാനങ്ങളിൽ പെടുന്നു കളമെഴുത്തുപാട്ട്. ദാരുകവധം കഥ ഒരു പ്രധാന വിഷയമാണ് ഭഗവതി സേവയുമായി ബന്ധപ്പെട്ട കളമെഴുത്തിനു്.

തുയിലുണർത്തു പാട്ട്

പാണന്മാർ തുടികൊട്ടി പാടുന്ന അനുഷ്ഠാനഗാനങ്ങൾ. ചിങ്ങമാസത്തിൽ ആണ് ഈ അനുഷ്ഠാനം പ്രധാനമായും ആചരിച്ചു വരുന്നത്. ഐശ്വര്യദേവതയായ ഭഗവതിയെ സ്വാഗതം ചെയ്തു കൊണ്ടാണ് പാട്ടുകൾ. ഈ പാട്ടുകൾക്ക് പ്രാദേശികമായി പാണർ പാട്ട്, രാപ്പാട്ട്, ചീപോതി പാട്ട് എന്നൊക്കെ വിശേഷണങ്ങൾ ഉണ്ട്

 നന്തുണിപ്പാട്ട്

 ഏകതന്ത്രി വാദ്യമായ നന്തുണി വായിച്ചു പാടുന്ന പാട്ടുകൾ. ഗാനങ്ങൾ "ശേലുകൾ " എന്നാണു വിശേഷിക്കപ്പെടുന്നത്. നാലാം ശീല്, ഏരു ശീല്, ആന തൂക്കം, ആമ്മണി ചായ എന്നിങ്ങനെ ശേലുകൾ ഉണ്ട്. കളമെഴുത്തിനു തെയ്യംപാടികളും കുറുപ്പന്മാരും നന്തുണി മീട്ടി നന്തുണി പാട്ടുകൾ പാടാറുണ്ട്.

പുള്ളുവൻ പാട്ട്

 കുഞ്ഞുങ്ങളേയും ഗർഭിണികളേയും പൈശാചികശക്തികളിൽ നിന്നും രക്ഷിക്കാനായി പാടുന്ന അനുഷ്ഠാനഗാനങ്ങൾ ആണ് പുള്ളുവൻ പാട്ട്. വീണ, കൈമണി, കുടം എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. "പുള്ളുവ കുടോൽഭവ പാട്ട് ", "മോക്ഷപ്പാട്ട് ", നാവേറ് പാട്ട്, കറ്റപ്പാട്ട്, കണ്ണേർപ്പാട്ടു്, ഗുളികദൃഷ്ടി ഒഴിപ്പിക്കൽ പാട്ട്, എന്നിങ്ങനെ വിവിധ അനുഷ്ഠാനപ്പാട്ടുകൾ ഉണ്ട് പുള്ളുവൻ പാട്ടുകളിൽ. പുള്ളുവ സമുദായം ആണ് ഈ അനുഷ്ഠാനത്തിനു് നിയോഗിക്കപ്പെട്ടവർ.

പൂക്കുലപ്പാട്ട്

 മലയാളർ സമുദായത്തിന്റെ ആചാരപ്പാട്ട്. കയ്യിൽ കമുങ്ങിന്റെ പൂക്കുലയേന്തി പാടുന്ന പാട്ടിനു് ആവർത്തന സ്വഭാവം ആണ് ഉള്ളത്. വിശേഷ ദിനങ്ങളിലും ശുഭമുഹൂർത്തങ്ങളിലും പൂക്കുലപ്പാട്ട് പാടി വരുന്നു

മണ്ണാർപ്പാട്ട്

 മദ്ധ്യകേരളത്തിലെ മണ്ണാന്മാരുടെ അനുഷ്ഠാന സംഗീതം. തുടി, ചെണ്ട, നന്തുണി, തുടങ്ങിയ വാദ്യഘോഷങ്ങളോടെ പാടുന്ന പാട്ടുകൾ - മുണ്ടിയൻ പാട്ട്, പൊലിച്ചുപാട്ട് എന്നിങ്ങനെ അറിയപ്പെടുന്നു. വിശേഷദിവസങ്ങളിലും ഉത്സവ ദിനങ്ങളിലും ഈ പാട്ടുകൾ പാടി വരുന്നു....

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News