കീഴ്മാട്: കീഴ്മാട് പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം ഒഴുകിയെത്തിയ സംഭവത്തെത്തുടർന്ന് നടന്ന പ്രത്യേക യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ പ്രസിഡന്റ് സതി ലാലു വിളിച്ച് ചേർത്ത യോഗത്തിൽ വാർഡ് അംഗങ്ങൾ, എഡിഎസ്, സിഡിഎസ്, കുടുംബശ്രീ ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗം ആരംഭിച്ചപ്പോൾ തന്നെ വിവിധ കുടുംബശ്രീ പ്രവർത്തകർ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി എത്തിയ തുക സംബന്ധിച്ച് പരാതികളുമായി എത്തി. വിവിധ അംഗങ്ങളും സംഭവത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ യോഗത്തിലേക്ക് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ മാക്കുതർക്കങ്ങളുടെ വേദിയായി മാറി. ബാങ്കിലെ അതിസമ്മർദ്ദം മൂലം തനിക്ക് പറ്റിയ തെറ്റാണ് ഇത്തരത്തിൽ അക്കൗണ്ടുകളിലേക്ക് പണം കയറിയതെന്നായിരുന്നു ബാങ്ക് ശാഖയിലെ മാനേജർ തന്റെ വിശദീകരണത്തിൽ പറഞ്ഞത്. സിഡിഎസ് ചെയർപെഴ്സൺ അറിയാതെയാണ് ഇത് ചെയ്തതെന്നും ഇയാൾ പറഞ്ഞു.
എന്നാൽ, ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്ന നിലപാടിൽ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥ പ്രതിനിധികളും ഉറച്ച് നിന്നതോടെ രംഗം കൂടുതൽ രൂക്ഷമായി.
ഇതിൽ തീരുമാനമാകാതെ പിരിഞ്ഞു പോകില്ലെന്ന റിയിച്ച് യു ഡി എഫ് പ്രത്തകർ രോഷാകുലരായി. ഇതിനിടെ പഞ്ചായത്തിൽ വലിയ ക്രമക്കേടുകൾ നടന്നതിനാൽ സംഭവത്തിൽ വിജിലൻസ് അന്വേഷണമാണ് വേണ്ടതെന്ന നിലപാടുമായി വെൽഫെയർ പാർട്ടി പ്രതിനിധി രംഗത്തെത്തി. തുടർന്ന് ആരോപണ വിധേയായ സിഡിഎസ് ചെയർപെഴ്സൺ തനിക്ക് ഇതിൽ പങ്കില്ലെന്നും ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിശദീകരണത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ബാങ്കും സി ഡി എസ് പ്രസിഡന്റും ഒത്തുകളിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ രംഗം വഷളായി. ഇതോടെ ബാങ്കും കുടുംബശ്രീയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നറിയിച്ച് പ്രസിഡന്റ് യോഗം അവസാനിപ്പിക്കുകയായിരുന്നു.