ജ്ഞാന ബോധോദയത്തിന്റെ പ്രകാശ കിരണമായ അവധൂത മഹാഗുരു സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ!
സുകൃതികളായ സജ്ജനങ്ങളേ, ആത്മീയ ലോകത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം തന്നെയാണ് ഇന്നത്തെ ആത്മസന്ദേശം.
ചാതുർ വർണ്ണ്യം
മായ സൃഷ്ട്യം ഗുണ കർമ്മ വിഭാഗശഹ;
ശൂദ്രന് ബ്രാഹ്മണൻ ആകാൻ ആകുമോ?ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?
ആരാണു വൈശ്യൻ ? ക്ഷത്രിയൻ?
"ജാതിയിൽ ജനിച്ച കൃഷ്ണൻ ആണ് ഋഗ്വേദത്തിൽ പറഞ്ഞ 4 മാനവ കുല വിഭാഗത്തെ വർണ്ണം എന്ന് പേരിട്ട് വിളിച്ചത് ശ്രീമദ് ഭഗവത്ഗീതയിൽ! അപ്പോൾ ഭഗവത്ഗീത ആണ് ജാതിക്കു കാരണം എന്ന് എങ്ങിനെ പറയും ?!
ബ്രാഹ്മനോസ്സ്യ മുഖമാസിദ്
ബാഹു രാജന്ന്യ: കൃത:
ഊരു തദ്സ്‌സ്യ യാദ്വവൈശ്യ:
പദ്ഭ്യാ ശൂദ്രോ അജായതെ,
ഋഗ്വേദം ..10-90-11)
മനുഷ്യ സമൂഹത്തെ ഒരു പുരുഷൻ ആയി സങ്കല്പം ചെയ്തു ഉള്ള ശ്ലോകം ഇതാണ്.
ഇതിലോ വർണത്തെ പറ്റി പറയുന്ന ഈ ശ്ലോകത്തിൽ പോലുമോ
ജാതിക്കു കാരണം , ആണെന്നോ വർണ്ണം ആണ് ജാതി എന്നോ പറയുന്നില്ല കാരണം.
ജന്മബദ്ധം അല്ല കർമ്മ ബദ്ധം ആണ് ജാതി എന്ന് Clarity നൽകുന്നു. യാദവ ജനയിതാവാണ് കൃഷ്ണൻ.
"ചാതുവർണ്യം മായ സൃഷ്ട്യം
ഗുണ കർമ്മ വിഭാഗശ:
വർണം ഉണ്ടാവുന്നത് ജനനം കൊണ്ടല്ല കേവലം കർമ്മം കൊണ്ടാണ്.
പ്രകൃതി എന്ന മായ ലോകത്ത് 3 ഗുണങ്ങൾ ഉണ്ട്. രജസ്സ്, സത്വ, തമോ. ഇവയിലാണ് നമ്മിൽ വളരുന്നത്. ജീവിത സമരത്തിൽ കൂടിയും മുജ്ജന്മ കർമ്മ ഫലം കൊണ്ടും.
ഇവ 2 നും അനുസരിച്ച് നമ്മൾക്ക് വർണ്ണം അടങ്ങുന്ന വാസന ഉണ്ടാവുന്നു.
ഋഗ്വേദത്തിൽ പുരുഷ സൂക്തത്തിൽ ആണ് 4 വർണ്ണങ്ങളെ പറ്റി പരാമർശം ഉള്ളത്.. അതിൽ വർണ്ണം എന്നു പറയുന്നുമില്ല. 4 വിഭാഗങ്ങളെ പറ്റി പറയുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ.
ഇവരെ വർണ്ണങ്ങൾ എന്നു വിളിക്കുന്നത് ഭഗവത്ഗീതയാണ്... അവിടെയും ജന്മം ആണ് നിന്നിൽ വർണ്ണം വരുത്തുന്നത് എന്നും പറയുന്നില്ല. ജാതിക്കു കാരണം വർണ്ണം എന്നു യാദവകുലത്തിൽ ജനിച്ച ഭഗവാൻ കൃഷ്ണൻ പറയുന്നില്ല.
സവർണ്ണ അവർണ്ണ ദളിത് പിന്നോക്ക ഹരിജൻ എന്ന ഒരൊറ്റ വക്കു പോലും വേദത്തിലോ ഗീതയിലോ ഇല്ലാത്ത "സംജ്ഞ" മാത്രം.
ഇന്നത്തെ ആധുനീക നവോഥാനക്കാർക്കും.. വർണ്ണം ആണ് ജാതിക്കു കാരണം എന്നു തെളിയിക്കാൻ ആയിട്ടില്ല. ഭഗവത്ഗീതയോ? വേദമോ? പ്രമാണം ആക്കിക്കൊണ്ട് എന്നത് ആണ് വസ്തുത...
വർണ്ണം ആണ് ജാതിക്കു കാരണം എങ്കിൽ 4 വർണ്ണം അതിനു അനുപാതികമായി 4000 ജാതികൾ വന്നത് എങ്ങിനെ? എന്നതിന് അവർക്ക് ഉത്തരവും ഇല്ല. ജാതികൾക്കു കാരണം തൊഴിൽ വിഭജനം മാത്രം ആണെന്ന് കാണാം.
4 വർണങ്ങൾ ആകട്ടെ, ഈ ലോകത്തിൽ മനുഷ്യൻ ഉള്ള എല്ലാ രാജ്യത്തും ഉണ്ടെന്നു പഠിച്ചാൽ കാണാം അറിയാം..
നോക്കാം ഒന്നു അത് എങ്ങിനെ എന്നു... 1ബ്രാഹ്മണർ, ജ്ഞാനികൾ, അഥവാ Intelectuals ,
2.ക്ഷത്രിയർ അഥവാ, Warriors. അഥവാ പടയാളികൾ,
3. വൈശ്യർ കർഷകർ വ്യവസായികൾ.Farmers Business peoples..
4 ഇവയിൽ ഒന്നും പെടാത്ത വിഭാഗം..
ഇവരുടെ ശക്തി ആണ് ഓരോ രാജ്യത്തെയും, രാഷ്ട്രത്തേയും, ലോകത്തിനു മുന്നിൽ സമ്പൽ സമൃദ്ധ രാജ്യ പദവിയിൽ എത്തിക്കുന്നത്.
ഇനി ഒരു മനുഷ്യൻ എങ്ങിനെ ഈ 4 വർണ്ണത്തിൽ എത്തുന്നു. എന്നു നോക്കാം.
എങ്ങിനെ മനുഷ്യന് വർണ്ണം ലഭിക്കുന്നു.
("ജന്മനാ ജായതെ ജന്തു കർമ്മണാ ജായതെ ദ്വിജ ബ്രഹ്മ ജ്ഞാനേന ബ്രാഹ്മണാ")എന്ന് പ്രമാണം.
ജന്മം കൊണ്ട് ഒരു ജന്തുവായി ജനിക്കുന്നു, കർമ്മം കൊണ്ട് ദ്വിജൻ,അവൻ ജ്ഞാനം കൊണ്ട് ബ്രാഹ്മണൻ ആകുന്നു.
"ശൂദ്രോപി ശീലസമ്പന്നോ ബ്രാഹ്മണാത് ഗുണവാൻ ഭവേത്
ബ്രഹ്മനോപി ക്രിയാഹീന ശൂദ്രാത് പ്രെത്യവരോഭവേത്"
ഇതാണു ശാസ്ത്രം.
(ശൂദ്രൻ ശീല സമ്പന്നൻ ആയി മാറിയാൽ ബ്രാഹ്മണൻ ആകാം, ബ്രാഹ്മണർ കർമ്മഹീനൻ ആയാൽ ശൂദ്രൻ ആയി പതിക്കുന്നു")
മഹർഷി വാല്മീകിയും മഹർഷി വേദവ്യാസനും ഉപനിഷദ് ഋഷിമാരും, മഹീദാസ ഐതരേയനും തുടങ്ങി ഇങ്ങു കേരളത്തിൽ എത്തിയാൽ ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും ഒക്കെ അങ്ങനെ ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നവര്‍ ആണ് .
ആരാണ് ബ്രാഹ്മണൻ ?
ജനിക്കുമ്പോൾ ആരും ബ്രാഹ്മണനായി ജനിക്കുന്നില്ല. അവൻ കർമ്മത്താൽ മാത്രമേ ബ്രാഹ്മണൻ ആകുന്നുള്ളു. വേദാ അധിഷ്ഠിത ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത് അത് തന്നെ ആണ്.
കർമ്മണാ ജായതേ ദ്വിജ
വേദ പാരായണാൽ വിപ്ര
ബ്രഹ്മ ജ്ഞാനേതി ബ്രഹ്മണ"
എന്താണ് ബ്രാഹ്മണ ധർമ്മം???!
"അധ്യാപന മദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹശ്ചൈവ
ബ്രാഹ്മണ നാമ കൽപയത്"
പഠിപ്പിക്കുക യാഗം ചെയ്യുക ചെയ്യിപ്പിക്കുക ദാനം ചെയ്യുക പ്രതിഗ്രഹം വാങ്ങുക ബ്രാഹ്മണന് വിധിക്കപ്പെട്ട കർമ്മങ്ങൾ ആകുന്നു.
ക്ഷത്രിയ ധർമ്മം?
പ്രജാനാം രക്ഷണം ദാനം
ഇജ്യാധ്യായന മേവച
വിഷയെഷ്വ പ്രസക്തിശ്ച
ക്ഷത്രിയസ്‌സ്യ സമാതമ:
നീതിയുക്തമായ വിധത്തിൽ പ്രജകളെ സംരക്ഷിക്കുക വിദ്യാധർമ്മങ്ങളെ പ്രചരിപ്പിക്കുക അഗ്നിഹോത്രാദികൾ നടത്തിക്കുക വേദശാസ്രാദികൾ പഠിക്കുക പഠിപ്പിക്കുക വിഷയങ്ങളിൽ നിന്ന് ശക്തമാക്കാതെ ഇരിക്കുക ചുരുക്കത്തിൽ ഇതൊക്കെയാണ് ക്ഷത്രിയന്റെ സ്വാഭാവിക ധർമ്മങ്ങൾ.
വൈശ്യ ധർമ്മം?
പശുവിനാം രക്ഷണം ദാനം
ഇജ്യധ്യായന മെവച
വാണിക് പദം കസീദം ച
വൈശ്യസ്‌സ്യ കൃഷിമേവച:
കന്നുകാലികളെ പരിപാലിക്കുക ദാനം ചെയ്യുക അഗ്നിഹോത്രാദികൾ ചെയ്യുക വേദശാസ്രാദികൾ പഠിക്കുക കച്ചവടം നടത്തുക ന്യായമായ നിലക്ക് മാത്രം ഇല്ലാത്തവർക്ക് പണം കടം കൊടുക്കുക
വൈശ്യ ധർമ്മങ്ങൾ.
ശൂദ്ര ധർമ്മം?
ഏക മേവതു ശൂദ്രസ്സ്യ
പ്രഭു കർമ്മ ശതാദിശത്
ഏതേശാ മേവ വർന്നനാം.
ശുശ്രൂഷ മന സൂയയാ:
നിന്ദ വെറുപ്പ് അഹങ്കാരം തുടങ്ങിയ മനോദോഷങ്ങൾ വെടിഞ്ഞ് ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരോട് ഒന്നിച്ചു അവരെ പോലും കൂട്ടി നിർത്തിനിന്ന് അവരുടെ ക്ഷേമത്തിനായി ജീവിതം കഴിച്ചു കൂട്ടുക ഇവയാണ് ശൂദ്രർക്ക് കരണീയമായത്.
(ആരാണ് ശൂദ്രൻ എന്നു കൂടി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
"ശ്രുതാത് ദൂര ഇതി ശൂദ്ര"
ശ്രുതി എന്നാൽ അറിവ് അല്ലങ്കിൽ വേദം എന്നാണ്
ശ്രുതിയിൽ നിന്ന് വിട്ടു നിൽക്കുന്നവൻ ആരോ അറിവിൽ നിന്ന് വിട്ടു നിൽക്കുന്നവർ ആരോ അവൻ എപ്പോഴും ശൂദ്രൻ ആയിരിക്കും).
ശൂദ്ര ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാ ക്ഷത്രിയ ജ്ഞവതമേവന്തു വിദ്യാത് വൈശ്യതഥൈവച
കർമ്മം കൊണ്ട് ശൂദ്രൻ ബ്രാഹ്മണനായി തീരുന്നു.. കർമ്മദോഷത്താൽ ബ്രാഹ്മണൻ ശൂദ്രൻ ആകുന്നു. കർമ്മങ്ങളുടെ ഗുണദോഷങ്ങളാൽ ക്ഷത്രിയരും വൈശ്യരും ഉയരുകയും താഴുകയും ചെയ്യും.
ഹൈന്ദവ സമൂഹത്തിലെ മനുഷ്യരെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളായി തിരിച്ചത് നമുക്കറിയാം. എന്നാൽ ജാതിയെന്ന പേരിൽ അവരെ തമ്മിൽ തമ്മിൽ അകറ്റിയത് വേദപുരാണ ഇതിഹാസ ഉപനിഷത്തുക്കൾ ഒന്നുമല്ല. ചില സ്ഥാപിത താത്പര്യക്കാരാണ്. അധികാര മോഹികളാണ്. അവയിൽ ബ്രാഹ്മണർ എന്നു പറയുന്ന വിഭാഗത്തെ പലരും തെറ്റിദ്ധരിക്കാറുണ്ട്. ബ്രാഹ്മണ്യം ജാതിയാണെന്നും, മറ്റും പ്രചരിപ്പിക്കപ്പെടുന്നു. അവയെക്കുറിച്ച് വജ്രസൂചികോപനിഷത്തിലൂടെ സംവാദിക്കുകയാണ് ഈ ആത്മസന്ദേശം.
കൃഷ്ണ യജുർവേദീയ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപനിഷത്താണിത്. അജ്ഞാനത്തെ വജ്രസൂചിയാൽ നീക്കം ചെയ്യണമെന്നാണ് ഈ ഉപനിഷത്തിലൂടെ മനസ്സിലാക്കാനാകുന്നത്. നാലു വർണങ്ങളുടെ ധർമ്മവും ബ്രാഹ്മണത്വത്തിന്റെ നിർവചനവുമൊക്കെ ഈ ഉപനിഷത്ത് ചൂണ്ടിക്കാട്ടുന്നു.
എന്റെ അംഗങ്ങളും വാക്കും പ്രാണനും ചക്ഷസും മാത്രവും ബലവും ഇന്ദ്രിയങ്ങളും പുഷ്ടി പ്രാപിക്കട്ടെ. ഒക്കെയും ഉപനിഷത്ബന്ധിതമായ ബ്രഹ്മമാണ്. ഞാൻ ബ്രഹ്മത്തെയോ എന്നെ ബ്രഹ്മമോ നിരാകരിക്കാതിരിക്കട്ടെ മാത്രമല്ല, ഞാനും ബ്രഹ്മവും തമ്മിൽ അഭേദ്യ ബന്ധമുണ്ടാകട്ടെ. ഞാൻ ബ്രഹ്മത്തിൽ നിന്ന് അകലാൻ ഇടവരാതിരിക്കട്ടെ. ആത്മപരന്മാരായവർക്ക് ധർമ്മങ്ങൾ സേവ്യങ്ങളെന്ന് ഉപനിഷത്ത് ശാസിക്കുന്നു. അവ എന്നിൽ നിലകൊള്ളട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അന്ധകാരത്തെ ഇല്ലാതാക്കുന്നതും ജ്ഞാനമില്ലാത്തവർക്ക് അലങ്കാരമാകുന്നതും ജ്ഞാനചക്ഷുസുകൾക്ക് ആനന്ദമാകുന്നതുമായ വജ്രസൂചികോപനിഷത്തിനെപ്പറ്റി ഇനി പറയാം.
ബ്രാഹ്മണനെന്നും ക്ഷത്രിയനെന്നും വൈശ്യനെന്നും ശൂദ്രനെന്നും നാലു വർണ്ണങ്ങളുണ്ട്. ഇവ ബ്രാഹ്മണൻ പ്രധാനപ്പെട്ടവനെന്ന് വേദം പറയുന്നു. സ്മൃതികളിലും അപ്രകാരം തന്നെ പറയുന്നു. ഇവിടത്തെ ചോദ്യം ബ്രാഹ്മണൻ ആരാണെന്നാണ്. അവൻ ജീവനോ, ദേഹമോ, ജാതിയോ, ജ്ഞാനമോ, കർമ്മമോ, ധാർമ്മികതത്ത്വമോ ഇവയിലേതാണ്?
ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. നേരത്തെ അനേകം ശരീരങ്ങളിൽ ഉണ്ടായതും വരും കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവൻ എല്ലാം ഒരുപോലെയാണ്. കർമ്മനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത്. എല്ലാ ശരീരങ്ങളിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രാഹ്മണൻ ജീവനാകുന്നില്ല.
ബ്രാഹ്മണൻ ദേഹമാണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. എല്ലാ മനുഷ്യരുടേയും ശരീരം ഒരുപോലെ പഞ്ചഭൂതനിർമ്മിതമാണ്, അവരിൽ വാർദ്ധക്യവും മരണവും ധർമ്മവും അധർമ്മവും എല്ലാം ഒരുപോലെയാണ്. ബ്രാഹ്മണൻ വെളുത്ത നിറമുള്ളവനും ക്ഷത്രിയൻ ചുവന്ന നിറമുള്ളവനും വൈശ്യൻ മഞ്ഞ നിറമുള്ളവനും ശൂദ്രൻ കറുത്ത നിറമുള്ളവനും ആയിരിക്കണം എന്ന് നിയമമേയില്ല. മാത്രമല്ല, പിതാവിന്റെയും സഹോദരന്റെയും ശരീരദാഹക്രിയകൾ ചെയ്യുന്ന കാരണത്താൽ പുത്രാദികൾക്ക് ബ്രഹ്മഹത്യാദി ദോഷങ്ങൾ സംഭവിക്കുന്നുമില്ല. അക്കാരണം കൊണ്ടു തന്നെ ദേഹവും ബ്രാഹ്മണനാകുന്നില്ല.
ബ്രാഹ്മണൻ കുലം (ജാതി) ആണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം വിവിധ ജാതിയിൽ (കുലങ്ങളിൽ) നിന്ന് അനേകം മഹർഷിമാർ പിറന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. മാൻപേടയിൽ നിന്ന് ഋഷിശൃംഗനും കുശയിൽ നിന്ന് കൗശികനും, ജംബൂകനിൽ നിന്ന് ജാംബുകനും, വൽമീകത്തിൽ നിന്ന് വാൽമീകിയും, മുക്കുവപ്പെണ്ണിൽ നിന്ന് വ്യാസനും, ശശപുഷ്ഠത്തിൽ നിന്ന് ഗൗതമനും, ഉർവ്വശിയിൽ നിന്ന് വസിഷ്ഠനും കുടത്തിൽ നിന്ന് അഗസ്ത്യനും ജനിച്ചുവെന്നു പറയപ്പെടുന്നു. ഇവരൊക്കെയും ജാതി (കുല) പരിഗണന ഇല്ലാതെതന്നെ ജ്ഞാനമുള്ളവരായിരുന്നു. അക്കാരണത്താൽ കുലമാണ് (ജാതിയാണ്) ബ്രാഹ്മണനെന്നു പറയാൻ കഴിയില്ല.
ബ്രാഹ്മണൻ ജ്ഞാനമാണോ എന്ന അന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം അനേകം ക്ഷത്രിയർ പരമാർത്ഥത്തെ ദർശിച്ചവരാണ്. അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണൻ ജ്ഞാനമാകുന്നില്ല.
കർമ്മം ബ്രാഹ്മണനാകുമോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം എല്ലാ ജീവികളുടേയും കർമ്മങ്ങളിൽ സാധർമ്യം കാണപ്പെടുന്നു. അങ്ങന നോക്കുമ്പോൾ കർമ്മത്തിൽ പ്രേരിതമായിട്ടാണ് ജീവൻ പ്രവർത്തിക്കുന്നത്. അതുമൂലം കർമ്മം ബ്രാഹ്മണനാകുന്നില്ല.
ധാർമ്മികത ബ്രാഹ്മണനാകുമോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. എന്തെന്നാൽ നിരവധി ക്ഷത്രിയാദികൾ സ്വർണം ദാനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ധാർമ്മികതയും ബ്രാഹ്മണനാകുന്നില്ല.
എങ്കിൽ ആരാണ് ബ്രാഹ്മണൻ?
"അദ്വതീയമായും ജാതിഗുണക്രിയാ രഹിതമായും, ഷഡൂർമി ഷഡ്ഭാവാദി സർവ്വ ദോഷരഹിതമായും, സത്യജ്ഞാനാനന്ദ സ്വരൂപമായും, സ്വയം വികൽപ്പഹീനമായും സകല കൽപ്പങ്ങൾക്കും ആധാരഭൂതമായും, സകല ഭൂതങ്ങളിലും അന്തര്യാമിയായും, ആകാശമെന്നോണം ഉള്ളിലും പുറത്തും വ്യാപിച്ചിരിക്കുന്നതായും, അഖണ്ഡാനന്ദ സ്വരൂപമായും, അപ്രമേയമായും, അനുഭവൈകവേദ്യമായും, പ്രത്യക്ഷാന ശോഭിക്കുന്നതായും, ഉള്ള ആത്മാവിനെ കൈത്തലത്തിരിക്കുന്ന നെല്ലിക്ക പോലെ സാക്ഷാത്കരിച്ച് കൃതാർഥനായും, കാമരാഗാദിദോഷ രഹിതനായും, ശമദമാദി സമ്പന്നനായും, ദംഭം, അഹങ്കാരം ഇവ കൈവിട്ടവനായും ആരാണോ കഴിയ ന്നത് അവനാണു ബ്രാഹ്മണൻ ". ഇത് ശ്രുതികളുടേയും പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും അഭിപ്രായമാണ്. ഇതിൽനിന്ന് ഭിന്നമായി മറ്റൊരു തരത്തിലും ബ്രാഹ്മണ്യം ലഭിക്കില്ല. ആത്മാവ് തന്നെയാണ് സച്ചിദാനന്ദ സ്വരൂപമെന്നും അവിതീയമെന്നും മനസ്സിലാക്കി ഓരോരുത്തരും ബ്രഹ്മഭാവത്തെ തിരിച്ചറിയേണ്ടതാണ്.
വജ്രസൂചികോപനിഷത്തിലെ പ്രമാണം അനുസരിച്ച് വർണ്ണങ്ങൾക്ക് അതീതമാണ് ബ്രാഹ്മണ്യം. സാത്വികമായ ജീവിതചര്യയിലൂടെ ആർക്കും ബ്രാഹ്മണനാകാം. ആദ്യ ശാന്തി പാഠ വാക്യങ്ങളിൽ പറഞ്ഞതു പോലെ ബ്രഹ്മത്തെ തിരിച്ചറിയുക, ബ്രഹ്മവും ഞാനും തമ്മിൽ അഭേദ്യ ബന്ധമുണ്ടാകട്ടെ, ഞാൻ ബ്രഹ്മത്തിൽ നിന്നും അകലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ അത് പാലിക്കാൻ എല്ലാവർക്കും കഴിയട്ടെ!
അങ്ങിനെ നമുക്കെല്ലാം വിശ്വബ്രാഹ്മണർ എന്ന് പറയാൻ കഴിയട്ടെ!
ഗുരുപാദ സേവയിൽ
വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27