ചിത്ത ശുദ്ധിക്കാണ് ഭഗവത് നാമം അഭ്യസിക്കുന്നത്.വിശ്വബ്രഹ്മ ശങ്കരാചാര്യ പഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് മഠാധിപതി കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.

ചിത്തശുദ്ധിക്കാണ് ഭഗവത് നാമം അഭ്യസിക്കുന്നത്, മാനാപമാന ചിന്തയിൽപ്പെട്ട് ഉഴലുന്നിടത്തോളം നാമം ജപിച്ചാലും ചിത്തം സദാ ചഞ്ചലമായി ക്കൊണ്ടിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്ന സിദ്ധ യോഗീശ്വരൻ പരമഹംസ മഹാപ്രഭു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ആത്മചൈതന്യം എല്ലാവർക്കും ശക്തി പകരട്ടെ!
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവില്വാമലയിലെ വ്യാസ തപോധ്യാൻ ആശ്രമഭൂമിയിൽ നടക്കുന്ന ഗായത്രീ മഹാ യജ്ഞശാലയിലാണ്. ഗായത്രീ ഉപാസകനും, അഗ്നിഹോത്ര പ്രചാരകനുമായ ആശ്രമ മഠാധിപതി സംപൂജ്യ സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ് യജ്ഞാചാര്യനായി, പൂജനീയ ഗുരുനാഥൻ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞാൻ യജ്ഞസംയോജകനായി പ്രവർത്തിച്ചാണ് യജ്ഞം നടക്കുന്നത്. 9-ാം തീയതി യജ്ഞം അവസാനിക്കും.  
 
മിത്രങ്ങളേ,
നിരന്തരമായ ഈശ്വരാനുസന്ധാനം കൊണ്ടു മാത്രമേ മനുഷ്യജന്മം സഫലമാകൂ എന്നു കഴിഞ്ഞ നാളുകളിൽ വിവിധ വശങ്ങളിലൂടെ സാധു ആത്മസന്ദേശങ്ങളിൽ ഗുരുകൃപയാൽ പറഞ്ഞുവല്ലോ. ഭൗതികമായ നേട്ടങ്ങളൊന്നും മനുഷ്യജന്മം ഫലവത്താക്കുകയില്ലേ ? ഈ ചോദ്യത്തിനുത്തരമാണ് ഇന്നത്തെ ആത്മസന്ദേശം. മനുഷ്യൻ ജീവിതത്തെക്കുറിച്ച് തികച്ചും അജ്ഞനായിട്ടാണ് ഇവിടെ വന്നുപിറക്കുന്നത്. ജനിക്കുന്നതിനു മുമ്പ് താനാരായിരുന്നു എന്ന് അവന് ഒരു നിശ്ചയവുമില്ല. ഇനി മരിച്ചാൽ ആരാകുമെന്നും അറിഞ്ഞു കൂടാ, പോട്ടെ, ജീവിച്ചിരിക്കുമ്പോഴെങ്കിലും കാര്യങ്ങൾ ഇന്ന രീതിയിൽ സംഭവിച്ചുകൊള്ളുമെന്ന് ഉറപ്പുണ്ടോ ? അതുമില്ല. ഇന്നലെ വരെ തനിക്കിഷ്ടമില്ലാത്ത പലതും സംഭവിച്ചിട്ടുണ്ട്. അവയൊക്കെ എന്തിനു സംഭവിച്ചു ? അറിഞ്ഞുകൂടാ. താനാഗ്രഹിച്ച പലതും നിറവേറ്റാതെ പോയിട്ടുണ്ട്. അതെന്തുകൊണ്ട് ഒട്ടും നിശ്ചയമില്ല. കഴിഞ്ഞ കാലത്തിന്റെ സ്ഥിതി ഇതാണങ്കിൽ ഭാവിയെക്കുറിച്ച് എന്തു പറയാം ? ഒന്നും സാധ്യമല്ല. ചുരുക്കത്തിൽ ജീവിതം അജ്ഞതയുടെ അനിശ്ചിതത്ത്വത്തിൽ സദാ ആണ്ടിരിക്കുകയാണ്. എന്തിനേറെ എല്ലാ സുഖങ്ങൾക്കും ആധാരമായി കരുതപ്പെടുന്ന ഈ ശരീരത്തിന്റെ സ്ഥിതി തന്നെ എത്ര ചഞ്ചലം. ഏതു നിമിഷത്തിലാണ് ഇതു വീണു മണ്ണടിയുക എന്ന് ആർക്കുമറിഞ്ഞുകൂടാ. ജന്മമൃത്യുജരാ വ്യാധി ദുഃഖദോഷങ്ങൾ ഈ മാംസപിണ്ഡത്തെ സദാ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്രയും ചിന്തിച്ചാൽ മതി, ലോകം അനിത്യവും അസുഖവുമാണെന്നു കാണാൻ ഒരു പ്രയാസവുമില്ല . അനിത്യമായ ഈ അസുഖലോക ത്തിനു പിന്നിൽ നിത്യമായി വല്ലതുമുണ്ടോ എന്നാരായുന്നതാണ് സത്യാന്വേഷണം. ഭാരതീയരായ ഋഷിമാർ ഈ നശ്വരപ്രപഞ്ചത്തിനാശ്രയമായ ശാശ്വതസത്യത്തെ നേരിട്ടറിഞ്ഞിട്ടുള്ളവരാണ്. സത്യസ്വരൂപനായ ആ ജഗദീശ്വരന്റെ ഒരു ലീലയാണ് പ്രപഞ്ചം. കണ്ണുമിഴിച്ചിരിക്കവേ തന്നെ മനുഷ്യർ മരണത്തിന്റെ വായിൽപ്പെട്ടു മറഞ്ഞുപോകുന്നത് കാലസ്വരൂപനായ ഈശ്വരന്റെ കളിയല്ലാതെ പിന്നെന്താണ് ? ദുഃഖിതരും ദരിദ്രരുമായി കഴിയുന്ന ചിലർ ഏതാനും ദിവസങ്ങൾ കൊണ്ടു സമ്പന്നരായി രാജപദവിയിലെത്തിച്ചേരുന്നു. അതുപോലെ രാജപദവിയിൽ സുഖിച്ചു കഴിഞ്ഞവർ അഹങ്കാര ശമനത്തിന് വിധേയരായി മഹാബലിയേപ്പോലെ അവതാരങ്ങളാൽ പാതാള ലോകത്തിലേക്ക് പോകേണ്ടിവരുന്നു. ചിലർ ഭിക്ഷാം ദേഹികളായി തെരുവിൽ തെണ്ടിത്തിരിയാനിടവരുന്നു. സ്വാർത്ഥ തത്പരരായി സ്വജന പക്ഷപാത ഭരണം നടത്തി അധികാരത്തിന്റെ മറവിൽ പൊതു മുതൽ കട്ടുതിന്ന് പ്രജകളോട് "കടക്കുപുറത്ത് " എന്ന് പറയുന്നവരുടെ വരാൻ പോകുന്ന ഗതിയും ഇതു തന്നെ. ഇതൊക്കെ ഈശ്വരന്റെ ലീലാവിലാസങ്ങളല്ലെങ്കിൽ പിന്നെന്താണ് ? ലോകം പരിഷ്കാരത്തിന്റെ ഉച്ചകോടിയിലെത്തിയിരിക്കുന്ന ഇക്കാലത്തും ഈ ജീവിത പരിവർത്തനങ്ങൾക്ക് ഒരു മാറ്റവുമില്ല. ഇങ്ങനെ ബാഹ്യജീവിതം അനിത്യവും അസുഖവുമാണെന്ന് സ്പഷ്ടമായി തെളിഞ്ഞാൽ പിന്നെ ഒന്നേ ചെയ്യാനുള്ളു . ഇതിൽ നിന്നുകൊണ്ടു നിത്യനായ ജഗദീശ്വരനെ സർവാർപ്പണ ബുദ്ധിയോടെ ഭജിക്കുക . "അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വമാം " "അനിത്യവും അസുഖവുമായ ലോകത്തെത്തിയാൽപ്പിന്നെ എന്നെ ഭജിക്കുകയാണ് വേണ്ടത് "എന്നത് ഭഗവാൻ ഗീതയിൽ പ്രഖ്യാപിക്കുന്നത് നാം മറന്നു പോകരുത്. ആകയാൽ നന്മതിന്മകളെ തിരിച്ചറിയാനും സാത്വിക ബോധത്താൽ ഈശ്വര ഭജനമല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് മനസ്സിനേയും ശരീരത്തേയും ബോധ്യപ്പെടുത്തി അവയെ അതിനു യോഗ്യതയുള്ളതാക്കി ജീവിക്കുക. അതിനായി ഓരോരുത്തരിലുമുള്ള പരമാത്മ ചൈതന്യം സഹായിക്കട്ടെ !. ഗായത്രീ മഹായജ്ഞത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടാൻ ഏവരേയും ക്ഷണിക്കുന്നു. 
 
ഗുരുപാദസേവയിൽ
 
 വിശ്വബ്രഹ്മ ശങ്കരാചാര്യ പഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
മഠാധിപതി 
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
 പെരിയമ്പലം 
 ഗുരുവായൂർ
തൃശ്ശൂർ ജില്ല.
90 61 97 12 27

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News