അഞ്ചു തലമുറകൾക്ക് അക്ഷരം പകർന്ന കൊടുത്ത തങ്കമ്മ ആശാട്ടി യാത്രയായി .

പെരുമ്പാവൂർ: കമ്പ്യൂട്ടറുകളുടെയും മൊബൈലുകളുടെയും ആധുനിക ലോകത്ത് അറിവിനെ വിരൽ തുമ്പിൽ കൊണ്ടു നടക്കുന്ന പുതിയ തലമുറയെപ്പോലും മണലിൽ ചൂണ്ടുവിരലിൽ അക്ഷരമെഴുതി ചൊല്ലി പഠിപ്പിച്ച, കൂടാലപ്പാട് മുതിരപ്പറമ്പിൽ തങ്കമ്മ ആശാട്ടി (72) ഓർമ്മയായി. സിദ്ധൻകവലയ്ക്കടുത്ത് ആശാട്ടി നടത്തിയിരുന്ന നിലത്തെഴുത്ത് പള്ളിക്കൂടത്തിൽ നിന്നും പഠിച്ചുയർന്ന് ഉന്നതസ്ഥാനങ്ങളിലെത്തിയ വിദ്യാർത്ഥികൾ ഒരുപാടുണ്ട്. ഈയടുത്ത കാലം വരെ നിലത്തെഴുത്ത് കളരി സജീവമായിരുന്നു. പാരമ്പര്യരീതിയിലുള്ള  നിഷ്കർഷ പാലിച്ച് എഴുത്തുപഠനം പൂർത്തിയായാൽ കുഞ്ഞുങ്ങളെ സ്ഫുടമായ ഉച്ചാരണത്തോടെ ഉച്ചത്തിൽ വായിക്കാനും പ്രാപ്തമാക്കിയാണ് തങ്കമ്മ ആശാട്ടി സ്കൂൾ വിദ്യാഭ്യാസത്തിന് തയ്യാറാക്കി വിട്ടിരുന്നത് എന്ന് പൂർവ്വവിദ്യാർത്ഥികൾ ഓർക്കുന്നു. 'വായനയ്ക്കുവിടൽ' എന്ന ഈ ചടങ്ങിലേയ്ക്ക് മാതാപിതാക്കളെ വിളിച്ചുവരുത്തുമായിരുന്നു. നിലവിളക്കു കൊളുത്തി അവിലും മലരും ശർക്കരയും ഫലമൂലാദികളും പുഷ്പങ്ങളുമൊരുക്കി വച്ച് അതിനു മുന്നിൽ പഠിച്ചതെല്ലാം ഉച്ചത്തിൽ വായിച്ചുകേൾപ്പിച്ചാണ് കുഞ്ഞുങ്ങൾ കളരിയിലെ പഠനം പൂർത്തിയാക്കിയിരുന്നത്. പ്രായാധിക്യം മൂലം ഓർമ്മക്കുറവു വന്നതോടെ ഈയടുത്ത കാലത്താണ് പഠനക്കളരിയുടെ പ്രവർത്തനം തങ്കമ്മ ആശാട്ടി നിർത്തിയത്. അപൂർവ്വമായി മാത്രം നിലത്തെഴുത്ത് കളരികൾ നിലനിൽക്കുന്ന ഈ കാലത്ത് ആശാട്ടിയുടെ വിയോഗം നികത്താനാവാത്തതാണെന്ന് കൂടാലപ്പാട് പൗരസമിതി പ്രവർത്തകർ പറഞ്ഞു. 
സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മകളുടെ ആലപ്പുഴയിലെ വീട്ടുവളപ്പിൽ നടന്നു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News