പറവൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കൈതാരം പൊക്കാളി പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിൽ കൈതാരം പാടശേഖരത്തിൽ ജനകീയ കൊയ്ത്ത് സംഘടിപ്പിച്ചു.‍

എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കൈതാരം പൊക്കാളി പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിൽ കൈതാരം പാടശേഖരത്തിൽ ജനകീയ കൊയ്ത്ത് സംഘടിപ്പിച്ചു. കോട്ടുവള്ളിയിലെ മികച്ച പൊക്കാളി കർഷകൻ കെ.ജെ ജോസി പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും വിദ്യാർത്ഥികളെയും കർഷകരെയും സാക്ഷിയാക്കി ഒരു കർഷകൻ ഉദ്ഘാടകനാവുന്ന ചരിത്ര നിമിഷത്തിന് കൈതാരം പൊക്കാളി പാടശേഖരം വേദിയായി.

എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിലെ നൂറ് വിദ്യാർത്ഥികൾ പൊക്കാളി നെല്ല് കൊയ്യാനായി പാടത്തിറങ്ങി. വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ നാട്ടുകാരും ഒപ്പം കൂടി.

പൊക്കാളിപ്പാടത്ത് താളം ചവിട്ടിയും കറ്റ കെട്ടിയും ചെമ്മീൻ പിടിച്ചും വഞ്ചി തുഴഞ്ഞും കെട്ടിനു ചുറ്റുമുള്ള കുള്ളൻ തെങ്ങുകളിൽ നിന്ന് ഇളനീർ പറിച്ചും പഴയ കാല സംസ്കൃതിയുടെ ഓർമ്മപ്പെടുത്തലായി കൈതാരം ഗ്രാമോത്സവം മാറി. കൊയ്ത്ത് കഴിഞ്ഞ് വിവിധയിനം കിഴങ്ങുകൾ കൊണ്ട് കൃഷിയിടത്തിനരുകിൽ വിദ്യാർത്ഥികൾ തയാറാക്കിയ നാടൻ ഭക്ഷണം തേക്കിലയിലും വാഴയിലയിലും വിളമ്പി. കാർഷിക കലാ പരിപാടികളും ഇതോടൊപ്പം നടന്നു.

ഗ്രാമോത്സവം നവംബർ രണ്ടിന് സമാപിക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ഭാരത് മാതാ കോളേജ് ചൂണ്ടിയിലെ വിദ്യാർത്ഥികൾ പൊക്കാളി കൊയ്ത്തിൽ പങ്കെടുക്കും. ഉച്ചയ് 2 മണിക്ക് പൊക്കാളിപ്പാടങ്ങളിൽ നടക്കുന്ന പരമ്പരാഗത കാർഷികാചാരമായ കളംപൂജയും നടക്കും.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, പള്ളിയാക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എസ് ജയചന്ദ്രൻ, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റൽ ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, ജോയിൻ ബി.ഡി.ഒ പി.പി പ്രിയ, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions