ന്യൂയോർക്ക് സിറ്റി കൗണ്സിലിലേക്കു കോശി തോമസിന് പരോക്ഷ പിന്തുണയുമായി എതിർ സ്ഥാനാർത്ഥി ‍

ന്യൂയോർക്ക്:  ജൂൺ  22 -നു   നടക്കുന്ന ന്യൂയോർക്ക്  സിറ്റി കൗണ്സിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഡമോക്രറ്റിക് സ്ഥാനാർത്ഥി കോശി തോമസിന്  ആശംസകളും പരോക്ഷ പിന്തുണയും അറിയിച്ചുകൊണ്ട് എതിർ സ്‌ഥാർത്ഥികളിൽ ഒരാളായ സ്റ്റീവ്  ബഹാർ, കോശി തോമസിന്റെ ഇലക്ഷൻ ക്യാമ്പയ്‌ൻ  ഓഫീസ്  സന്ദർശിച്ചു.  

കോശി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നതിനാൽ കോശിക്ക്‌ വിജയാശംസകൾ നേരുന്നതിനായാണ് സ്റ്റീവ് തന്റെ ഫിയാൻസിയും മറ്റു ടീമംഗങ്ങളുമായി സന്ദർശനം നടത്തിയത്.  അമേരിക്കയിൽ തെരെഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ എതിർ സ്ഥാനാർത്ഥികൾ പരസ്പരം വിജയാസംസകൾ നേരുന്നത്  ചിലയിടങ്ങളിൽ പതിവാണ്. രണ്ടു സ്ഥാനാർത്ഥികളും ന്യൂയോർക്ക് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 23 ലെ ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരാണ്.

കോശി തോമസ് ഈ തെരഞ്ഞെടുപ്പിൽ മുൻപോട്ടു വച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്കും  നിർദേശങ്ങൾക്കും സമാനമായ വാഗ്ദാനങ്ങളും നിർദേശങ്ങളുമാണ് സ്റ്റീവിനും. അതിനാൽ സമാന ചിന്താഗതിക്കാരുടെ സംഗമമാണിത്  എന്ന് കോശി പ്രസ്‌താവിച്ചു. കോശിയുടെ പ്രധാന മൂന്നു നിർദേശങ്ങളാണ്  ന്യൂയോർക്ക് സിറ്റിയിലെ  വില്പന നികുതിയിലുള്ള ഇളവ്,  പ്രോപ്പർട്ടി ടാക്സിലുള്ള ഇളവ്, ചെറുകിട കച്ചവടക്കാർക്കുള്ള ടാക്‌സ് ക്രെഡിറ്റ് എന്നിവ. അതോടൊപ്പം സിറ്റിയിലെ അവശ്യസേവനങ്ങളുടെ വർധനവും കോശിയുടെ പ്രകടന പത്രികയിലെ മുഖ്യ ആവശ്യമാണ്.  തന്റെ തെരഞ്ഞെടുപ്പിൽ  എല്ലാവിധ പിന്തുണയും നൽകണമെന്ന്  കോശി സ്റ്റീവിനോട് അഭ്യർത്ഥിച്ചു. 

പ്രൈമറി തെരഞ്ഞെടുപ്പിൽ കോശി  വിജയിച്ചാൽ നവംബറിൽ നടക്കുന്ന ഫൈനൽ തെരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയും നൽകാമെന്ന് സ്റ്റീവ് പ്രസ്താവിച്ചു. അതുപോലെ താനാണ് പ്രൈമറിയിൽ വിജയിക്കുന്നതെങ്കിൽ ഫൈനൽ തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ കോശി തനിക്കു നൽകണമെന്നും സ്റ്റീവ് അഭ്യർഥിച്ചു. ഈ വര്ഷം റാങ്ക്ഡ് ചോയ്സ് സംവിധാനത്തിൽ വോട്ടിംഗ് നടക്കുന്നതിനാൽ,  തന്നെ പിന്തുണക്കുന്ന വോട്ടർമാരോട്  കോശിക്കും പിന്തുണ നൽകണമെന്ന് സോഷ്യൽ  മീഡിയാ  വഴി അഭ്യർത്ഥിക്കാമെന്നു സ്റ്റീവ്  കോശിക്ക്‌ ഉറപ്പു നൽകി. അതുപോലെ കോശിയെ പിന്തുണക്കുന്ന വോട്ടർമാരോട് റാങ്ക്ഡ് ചോയ്സ് വോട്ടിങ്ങിൽ  സ്റ്റീവിനെയും പിന്തുണക്കണമെന്ന് അഭ്യർത്ഥിക്കാമെന്നു  കോശിയും ഉറപ്പു നൽകി. 
ഈ വർഷം  ന്യൂയോർക്ക്  സിറ്റിയിൽ പുതുതായി ഏർപ്പെടുത്തിയ സംവിധാനമാണ്  റാങ്ക്ഡ് ചോയ്സ് വോട്ടിംഗ്. ഇത് മൂലം പ്രൈമറി ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാർക്ക്  അവരവരുടെ താല്പര്യമനുസരിച്ചു അഞ്ചു സ്‌ഥാനാർത്ഥികൾക്കു ഒന്ന് മുതൽ അഞ്ചു വരെ റാങ്ക് നൽകി വോട്ട് രേഖപ്പെടുത്താവുന്നതാണ്. അതിനാൽ ഒരു  സ്ഥാനത്തേക്ക് ഒന്നിലധികം പേർക്ക്  റാങ്ക് അനുസരിച്ചു വോട്ട് രേഖപ്പെടുത്തിയാലും അസാധു ആവുകയില്ല. അഞ്ചു റാങ്കിൽ കൂടുതൽ വോട്ട് നൽകിയാൽ അത് അസാധുവാകും. രണ്ടു പേരും പരസ്പരം വാഗ്ദാനങ്ങൾ കൈമാറി ഹസ്തദാനം നൽകുകയും ചെയ്തു.  

നല്ലവരായ കുറെ ഇന്ത്യൻ സുഹൃത്തുക്കളുടെയും മറ്റു രാജ്യക്കാരായ സുഹൃത്തുക്കളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ സ്ഥാനാര്ഥിത്വത്തിന്റെ പിൻബലം എന്ന് കോശി പറഞ്ഞു. തന്നെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളോടും കോശി നന്ദിയും സ്നേഹവും പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ മറ്റു സ്ഥാനാര്ഥികളുമായി അനുരഞ്ജനത്തിനും സമവായത്തിനും കോശി പല തവണ ശ്രമിച്ചെങ്കിലും മറ്റ്‌ സ്ഥാനാര്ഥികളാരും അതിന് സഹകരിച്ചില്ല എന്ന് കോശി പറഞ്ഞു. ഒരു മത്സരം ഒഴിവാക്കുന്നതിനായി നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്താമെന്ന നിർദേശവും കോശി ഒരിക്കൽ മുൻപോട്ട് വച്ചിരുന്നു. എന്നാൽ ആരും അതിനു സമ്മതം ആയിരുന്നില്ല. നിലവിൽ നാല് ഇന്ത്യൻ വംശജരും   രണ്ടു അമേരിക്കൻ വംശജരും ഒരു കൊറിയൻ വംശജയുമുൾപ്പടെ  ഏഴു സ്ഥാനാർഥികളാണ് പ്രൈമറി തെരഞ്ഞെടുപ്പിൽ.

ഇന്ത്യൻ സ്‌ഥാനാർഥികളിൽ മൂന്ന് പേർ പഞ്ചാബികളാണ്.  മലയാളി വോട്ടർമാരുടെ  സാന്നിധ്യം കൂടുതലായുള്ള  ക്യൂൻസ് വില്ലേജ്, ബേസൈഡ് ഹിൽസ്, ബെൽറോസ്, ഡഗ്ലസ്‌റ്റൺ, ഫ്ളോറൽ പാർക്ക്, ന്യൂ ഹൈഡ് പാർക്ക് (ചില ഭാഗങ്ങൾ), ഫ്രഷ് മെഡോസ്, ഗ്ലെൻ ഓക്‌സ്‌, ഹോളിസ്, ഹോളിസ് ഹിൽസ്, ഹോളിസ്‌വുഡ്, ലിറ്റിൽ  നെക്ക്, ഓക്‌ലാൻഡ് ഗാർഡൻസ് എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക്‌ പാർട്ടിയിൽ രെജിസ്റ്റർ ചെയ്തു അംഗത്വമുള്ള എല്ലാ ഇന്ത്യാക്കാരും പ്രത്യേകിച്ച് മലയാളികളും ജൂൺ 12 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ  കോശിക്ക്‌ വേണ്ടി വോട്ട് രേഖപ്പെടുത്തിയാൽ കോശിക്ക്‌ നിഷ്പ്രയാസം വിജയിക്കുവാൻ സാധിക്കുന്നതാണ്.  

മലയാളം, തമിഴ്, കന്നഡ, ആന്ധ്രാ, ഗുജറാത്തി തുടങ്ങി എല്ലാ  ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ വിവിധ കമ്മ്യൂണിറ്റികളും, പഞ്ചാബി കമ്മ്യൂണിറ്റിയിലെ ചില  വിഭാഗങ്ങളും ഇതിനോടകം കോശിക്ക്‌ പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ, ബംഗ്ളാദേശി, ആഫ്രിക്കൻ, സ്പാനിഷ് രാജ്യങ്ങളിലെ  ധാരാളം പേരും കോശിക്ക്‌ പിന്തുണ നൽകിയിട്ടുണ്ട്. അതിനാൽ കോശി വിജയിക്കും എന്ന്   വിശ്വാസം  ഉണ്ടെന്നു യോഗത്തിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. വോട്ട് ചെയ്യാൻ പൊതുവെ മടി കാണിക്കുന്ന മലയാളി സമൂഹം ഉത്സാഹപൂർവ്വം വോട്ട് രേഖപ്പെടുത്തിയാൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുവാൻ സാധിക്കും എന്ന് കോശിയും അഭിപ്രായപ്പെട്ടു.

 നാസ്സോ കൗണ്ടി ഹെൽത് കെയർ കോർപ്പറേഷന്റെ ഭാഗമായ നാസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന്റെ (എൻ. യു. എം. സി.) ഡയക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി അജിത് കൊച്ചുകുടിയിൽ എബ്രഹാമിനെയും, ന്യൂയോർക്ക്‌ മെട്രോ റെയിൽ ട്രാക്കിൽ അകപ്പെട്ട വ്യക്തിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ മലയാളി ആയ ലോക്കോ ഓപ്പറേറ്റർ  ടോബിൻ മഠത്തിലിനെയും  യോഗത്തിൽ കോശിയും സ്റ്റീവും അഭിനന്ദിച്ചു.  കോശിയുടെ ഇലക്ഷൻ ക്യാമ്പയിൻ മുൻനിര പ്രവർത്തകരായ വി.എം. ചാക്കോ, രാജു എബ്രഹാം, ജോർജ് പറമ്പിൽ,  പാറ്റ്  മാത്യു, അജിത് കൊച്ചുകുടിയിൽ, മാത്യുക്കുട്ടി ഈശോ, മാത്യു തോമസ്, ഫിലിപ്പ് മഠത്തിൽ, ജെയ്‌സൺ ജോസഫ്, തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.

ജൂൺ 22  വരെ ഏർളി വോട്ടിംഗ് എല്ലാ ദിവസവും രാവിലെ 6 മുതൽ  5 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടുന്നതാണ്. ക്യൂൻസ്  വില്ലേജിലെ വിൻചെസ്റ്റർ ബുളവാർഡിലുള്ള ക്രീഡ് മൂർ സൈക്കിയാട്രിക് സെന്റർ ഏർളി വോട്ടിങ്ങിനുള്ള ഒരു കേന്ദ്രമാണ്.   
 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions